TOPICS COVERED

ചരിത്രം ബാക്കിയാക്കി എം.ജി.എസ്  നാരായണന്‍ വിടവാങ്ങി.  93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്  മലാപ്പറപ്പിലെ വസതിയിലായിരുന്നു അന്ത്യം. നാലുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. 

എം ജി എസ് എന്ന മൂന്നക്ഷം ഇനി ചരിത്രത്തിന്റ ഭാഗം. അസുഖബാധിതനായി  ഏറെനാളായി ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞുകൂടിയിരുന്ന എം ജി എസിന്റ അന്ത്യം രാവിലെ 9.50 ന്. വൈകിട്ട്  നാലുമണിവരെ വീട്ടിലെത്തി അന്ത്യാജ്ഞലി അര്‍പ്പിക്കാം. പൊതുയിടത്തെ പൊതുദര്‍ശനം ഒഴിവാക്കണമെന്ന് എം ജി എസ് തന്നെ നിര്‍ദേശിച്ചിരുന്നു. ഒൗദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ലിഖിതങ്ങളുടേയും പ്രമാണങ്ങളുടേയും വെളിച്ചത്തിലായിരുന്നു എം ജി എസിന്റ ചരിത്രയാത്ര.  ചേരപെരുമാളുകളെക്കുറിച്ചുള്ള വട്ടെഴുത്തു ലിഖിതങ്ങള്‍ കണ്ടെടുത്തതാണ് ചരിത്ര വഴിയിലെ നേട്ടം. 

1932 ല്‍ പൊന്നാനിയിലായിരുന്നു മുറ്റയിൽ ഗോവിന്ദ മേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസിന്റ ജനനം. ചിത്രരചനയിലും കവിതയിലുമായിരുന്നു താല്‍പര്യമെങ്കിലും മുതിര്‍ന്നപ്പോള്‍ അതല്ല തന്റ വഴിയെന്ന് തിരിച്ചറിഞ്ഞു. ചരിത്രത്തില്‍  ബിരുദാനന്തര ബിരുദം നേടിയ എം.ജി.എസ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപകനായി .1992 ല്‍ വിരമിക്കുംവരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്രവിഭാഗം തലവനായി. ഇഷ്ടമില്ലാത്തത് തുറന്നു പറയുന്നത്  എം.ജി.എസിനെ വിവാദങ്ങളുടെ തോഴനാക്കി. 

സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടുകൂടിയാകണം ചരിത്രപഠനെമെന്ന് വിശ്വസിച്ച എം ജി എസ് വെള്ളിമാട് കുന്ന് മാനാഞ്ചിറ റോഡ് വികസനത്തിനുവേണ്ടി 87 ാം വയസിലും സമരത്തിനിറങ്ങി. ചെറുപ്പകാലത്ത് എഴുതിയ കവിതകള്‍ ഉള്‍ക്കൊള്ളിച്ച് 92 ാം വയില്‍  ഒരു കവിത സമാഹരവും പ്രസിദ്ധീകരിച്ചു. എസ് കെ പൊറ്റക്കാടിന്റ വരികള്‍ കടമെടുത്ത് ഒരിക്കല്‍ എം ജി എസ് തന്നെക്കുറിച്ച് തന്നെ പറഞ്ഞത് ഇങ്ങനെ.. മരണഗന്ധം കലര്‍ന്നതാണെങ്കിലും മധുരമാണെനിക്കെന്നും ഈ ജീവിതം.

ENGLISH SUMMARY:

Eminent historian MGS Narayanan passes away