കൂലി പട്ടാളത്തിൽ കുടുങ്ങി റഷ്യയിൽ കഴിയുന്ന മലയാളി യുവാവ് തൃശൂർ സ്വദേശി ജെയിനിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ. ജെയിനിനോട് ഒപ്പം ഉണ്ടായിരുന്ന ബിനിൽ കഴിഞ്ഞ ജനുവരിയിൽ കൊല്ലപ്പെട്ടിരുന്നു. ജോയ്സിയുടെ ഭർത്താവ് ബിനിൽ മരിച്ചിട്ട് മൂന്നുമാസമായി എന്നാൽ ഇതുവരെ മൃതദേഹം വീട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഏറെ പ്രതീക്ഷകളോടെ ഏപ്രിൽ നാലിനാണ് ജെയിനും ബിനിലും റഷ്യയിലേക്ക് പോയത്. ജനുവരിയിൽ യുദ്ധത്തിനിടയിൽ ബിനിൽ കൊല്ലപ്പെടുകയും ജെയിനിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മോസ്കോയിൽ ചികിത്സയിൽ കഴിയുന്ന ജെയിൻ അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടും. ആശുപത്രി വിട്ടാൽ തിരികെ യുദ്ധ ഭൂമിയിലേക്ക് പോകേണ്ടി വരുമോ എന്ന ഭീതിയുമുണ്ട്.
കൈയിൽ ഫോണും പിടിച്ച് ജെയിനിന്റെ വിളിയും കാത്തിരിക്കുകയാണ് ഈ അമ്മ. അപ്പുറത്തുനിന്ന് ഒരു കാര്യം മാത്രം കേട്ടാൽ മതി, ബിനിൽ എന്നു വരും. മകനെ ഒരു നോക്ക് കാണാൻ പോലും പറ്റാതെയാണ് ബിനിൽ ഈ ലോകത്തോട് വിട പറഞ്ഞത്. മൂന്നുമാസം മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞുമായി വലിയ കഷ്ടതയിലൂടെയാണ് ഈ കുടുംബം കടന്നുപോകുന്നത്. മരണവുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിക്കാത്തതിനാൽ ആനുകുല്യങ്ങളുടെ കാര്യത്തിൽ തീരുമാനമൊന്നുമില്ല. ഇക്കാര്യത്തിലും ജെയിനിനെ നാട്ടിലെത്തിക്കുന്നതിലും അധികൃതർ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു