Pope Francis greets Malayala Manorama Chief Editor Mammen Mathew and Prema Mammen Mathew during their visit to Vatican 05/2015
ലോകത്തിന് സ്നേഹസ്പര്‍ശമായ ഫ്രാന്‍സിസ് പാപ്പയുമായുള്ള അസുലഭ കൂടിക്കാഴ്ചയാണ് മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു ഓര്‍ത്തെടുക്കുന്നത്. 2015 മേയ് 13 ബുധനാഴ്ചയായിരുന്നു ആ കൂടിക്കാഴ്ച. കണ്ടുമുട്ടിയവരിലെല്ലാം ആശ്വാസംനിറയ്ക്കുന്നതായിരുന്നു അശരണരുടെ പാപ്പായുടെ സാന്നിധ്യം.
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിന്റെ തിരുമുറ്റത്തേക്ക് സൗമ്യമായ ഒരു ഇളംതെന്നല്‍ പോലെ കടന്നുവന്ന ഫ്രാന്‍സിസ് മാര്‍പാപ്പ. സുരക്ഷാവലയത്തിന്റെ ബഹളങ്ങളില്ലാതെ കുഞ്ഞുങ്ങളെ വാരിപ്പുണര്‍ന്ന് രോഗികള്‍ക്ക് സ്നേഹാശ്ലേഷങ്ങള്‍ നല്‍കി മുന്നോട്ടുനീങ്ങുന്ന കാഴ്ച. വിശ്വാസികള്‍ക്കായുള്ള പ്രതിവാര കൂടിക്കാഴ്ചയിലായിരുന്നു ഈ നിമിഷങ്ങള്‍.
കുടുംബാംഗങ്ങള്‍ക്ക് ഒപ്പമെത്തിയ മാമ്മന്‍ മാത്യുവും ഭാര്യ പ്രേമയും മാർപാപ്പയുടെ കൈമുത്തി. രാജ്യത്തിനും സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർഥിക്കണമെന്നായിരുന്നു അപേക്ഷ. രോഗബാധിതരായ സുഹൃത്തുക്കളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും കാര്യം പ്രത്യേകം മാര്‍പാപ്പയോട് പറഞ്ഞു. ഇക്കാര്യങ്ങൾ മലയാള മനോരമയുടെ വിസിറ്റിങ് കാർഡിൽ എഴുതിവച്ചിരുന്നത് പരിശുദ്ധ പിതാവിനു നൽകി. അദ്ദേഹം അതു വാങ്ങി പോക്കറ്റിൽ സൂക്ഷിച്ചു. മാർപാപ്പയ്ക്കൊപ്പമുണ്ടായിരുന്ന സഹായികൾ തന്ന രണ്ടുകൊന്തകള്‍ മാമ്മന്‍ മാത്യു കൊച്ചുമക്കൾക്കു സമ്മാനിച്ചു, എന്നെന്നും സൂക്ഷിച്ചുവയ്ക്കാനായി. മൂന്നുമണിക്കൂറോളം നേരിട്ടനുഭവിച്ച സൗമ്യസാന്നിധ്യം. സാധാരണക്കാര്‍ക്കൊപ്പം സാധാരണക്കാരനായി നീങ്ങുന്ന പാപ്പയെയാണ് ആ നിമിഷങ്ങളില്‍ ദര്‍ശിക്കാനായതെന്നും അദ്ദേഹം അനുസ്മരിച്ചു.