അരുണാചല്‍ പ്രദേശിലെ ഉള്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ പുതിയ തവള വര്‍ഗത്തിന് മലയാള മനോരമ മുന്‍ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്‍റ് ഇ.സോമനാഥിന്‍റെ പേര്. ലപ്റ്റോബ്രാച്ചിയം സോമാനി. മൂന്നര വര്‍ഷം നീണ്ട പ്രക്രിയയിലൂടെയാണ് പേരിന് അംഗീകാരമായത്. പുതിയ തവളകളെ കണ്ടെത്തിയത്. ഇന്ത്യയുടെ തവള മനുഷ്യന്‍ എന്നറിയിപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. സത്യഭാമദാസ് ബിജുവിന്‍റെ നേതൃത്വത്തില്‍. പത്രപ്രവര്‍ത്തകന്‍റെ പേര് ഒരു ജീവിവര്‍ഗത്തിന് നല്‍കുന്നതും ആദ്യമായാണ്.
അരുണാചല്‍ പ്രദേശിലെ തിരിഗാവിലെ ഉള്‍ക്കാട്ടിലാണ് നേര്‍ത്ത കൈകളുള്ള ഈ തവളയെ കണ്ടെത്തിയത്. ബ്രഹ്മപുത്രാനദി എങ്ങനെ ജൈവ ഭൂമിശാസ്ത്രമതിലായി പ്രവര്‍ത്തിക്കുന്നുവെന്നതിന് ഉത്തരം നല്‍കുന്ന കണ്ടുപിടിത്തം കൂടിയാണിത്. രണ്ട് പുതിയ സ്പീഷിസുകള്‍ നദിയുടെ വടക്ക് ഭാഗത്ത് മാത്രം കാണുന്നു. ഈ ജനുസ്സിലെ മറ്റെല്ലാ സ്പീഷീസുകളും തെക്കുഭാഗത്ത് മാത്രവും. ഡല്‍ഹി സര്‍വകലാശാല പ്രഫസറും ഹാര്‍വാര്‍ഡ് സര്‍വകലാശാല റാറ്റിക്ലിഫ് ഫെലോയുമായ ഡോ. സത്യഭാമദാസ് ബിജുവിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ മൂന്നുവര്‍ഷത്തിലേറെ നീണ്ട പര്യവേക്ഷത്തിലാണ് ഈ തവള വര്‍ഗങ്ങളെ കണ്ടെത്തിയത്. ഇതിലൊന്നാണ് മലയാള മനോരമ മുന്‍സ്പെഷല്‍ കറസ്പോണ്ടന്‍റ് ഇ.സോമനാഥിന്‍റെ സ്മരണാര്‍ഥം ലപ്റ്റോബ്രാച്ചിയം സോമാനി എന്ന് പേരിട്ടത്.
യു.എസിലെ പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ പീര്‍ജെയില്‍ കൊമ്പുള്ള ഏഷ്യന്‍ തവളകള്‍ ഉള്‍പ്പടെ 366 അംഗീകൃത ഇനങ്ങളുള്ള വൈവിധ്യമാര്‍ന്ന തവള കുടുംബങ്ങളിലൊന്നാണിത്. ഭൗമശാസ്ത്രപരമായും പുതിയ തവള വര്‍ഗത്തിന്‍റെ കണ്ടുപിടിത്തം പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടാമത്തെ ഇനം തവളയ്ക്ക് ലെപ്റ്റോബ്രാച്ചിയം മെച്ചുക എന്നാണ് പേരിട്ടത്. അരുണാചല്‍ പ്രദേശിലെ ചെറിയ പട്ടണമായ മെച്ചുകയിലാണ് ഇതിനെ കണ്ടെത്തിയത്. ലെപ്റ്റോബ്രാച്ചിയം മെച്ചുക,ലെപ്റ്റോ ബ്രാച്ചിയം സോമാനി ഈ തവളകള്‍ തുടര്‍പഠനങ്ങളിലേക്ക് നയിക്കും. പരിസ്ഥിതി പത്രപ്രവര്‍ത്തനത്തില്‍ ഇ.സോമനാഥിന്‍റെ എഴുത്തുകള്‍ പോലെ.