ആവശ്യപ്പെട്ടതിനും അര മണിക്കൂർ മുൻപ് അഭിഭാഷകനും മറ്റൊരാൾക്കുമൊപ്പമായിരുന്നു ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ബുധനാഴ്ച ഹോട്ടൽ മുറിയിൽ പരിശോധനയ്ക്കെത്തിയ പൊലീസിനെ വെട്ടിച്ചു ജനലിലൂടെ ചാടി രക്ഷപ്പെട്ട നടൻ സ്റ്റേഷനിൽ എത്തുമ്പോഴും ഒരു നാടകം പൊലീസ് പ്രതീക്ഷിച്ചിരുന്നു. അതും നടന്നു. സെൻട്രൽ, എറണാകുളം, നർകോട്ടിക്സ് എസിപിമാരും നോർത്ത് എസ്എച്ച്ഒ ജിജിൻ ജോസഫും അടങ്ങുന്ന പൊലീസ് സംഘമാണു ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയത്. ആദ്യ അര മണിക്കൂർ മിക്ക ചോദ്യങ്ങൾക്കും നിശ്ശബ്ദതയായിരുന്നു മറുപടി. എന്നാൽ, പിന്നീടു പറഞ്ഞു പഠിപ്പിച്ച മട്ടിലുള്ള മറുപടികൾ നൽകി. കയ്യിൽനിന്നോ ഹോട്ടൽ മുറിയിൽനിന്നോ ലഹരിമരുന്നു പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തിൽ കേസും അറസ്റ്റും ഉണ്ടാകില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ആദ്യ പ്രതികരണങ്ങൾ.
ഷൈനിനെതിരെ കേസെടുത്ത വിവരമറിഞ്ഞ് മാതാപിതാക്കളും സഹോദരനും സ്റ്റഷനിലെത്തി. അഭിമുഖങ്ങളില്‍ ഷൈന്‍ നല്‍കാറുള്ളതിനേക്കാള്‍ വിചിത്രമായി മറുപടിയാണ് സഹോദരന്‍ ജോ ജോണ്‍ ചാക്കോ പറഞ്ഞത്. ഷൈന്‍ ലഹരിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നോ എന്ന ചോദ്യത്തിനു ചേട്ടനെയല്ല തന്നെയാണ് ചികിത്സിച്ചതെന്നായിരുന്നു മറുപടി. ചേട്ടന്‍ ഹോട്ടല്‍മുറിയില്‍ നിന്നിറങ്ങി ഓടിയ വാര്‍ത്ത കണ്ടിരുന്നില്ല, അതിനാലാണ് ചാനലുകള്‍ ചോദിച്ചപ്പോള്‍ റണ്‍ കേരള റണ്ണിന്റെ ഭാഗമായി ഓടിയതാകാമെന്ന് മറുപടി പറഞ്ഞതെന്നും ജോ പറഞ്ഞു. താന്‍ 5000 രൂപ ചോദിച്ചാല്‍പ്പോലും തരില്ല പിന്നല്ലേ ലഹരിക്കായി 20,000 നല്‍കുന്നതെന്ന പ്രസ്താവനയും ജോയില്‍ നിന്നുണ്ടായി.
ഹോട്ടലിൽനിന്നു ചാടി ഓടിയതിന്റെ കാരണം അടക്കം 32 ചോദ്യങ്ങളും ഉപചോദ്യങ്ങളുമായാണു ഷൈനിനെ പൊലീസ് നേരിട്ടത്. ഹോട്ടൽ മുറിയിൽനിന്നു കടന്നുകളഞ്ഞതിനെപ്പറ്റി ഷൈനിന് ഉത്തരമുണ്ടായിരുന്നില്ല. മഫ്തിയിൽ എത്തിയ പൊലീസ് സംഘത്തെ കണ്ടപ്പോൾ, ഗുണ്ടകളാണെന്നു കരുതിയെന്നും ആക്രമിച്ചാലോ എന്നു ഭയന്നാണ് മൂന്നാം നിലയിൽനിന്നു ചാടി ഓടിയതെന്നും മറുപടി നൽകി. എന്നാൽ, പേടിയുണ്ടെങ്കിൽ പൊലീസിനെ വിളിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല. ഗുണ്ടകളുമായി എന്താണു പ്രശ്നം എന്ന ചോദ്യത്തിനും ഉത്തരമില്ലായിരുന്നു.
ലഹരി ഉപയോഗത്തിലേക്കു ചോദ്യങ്ങൾ നീണ്ടതോടെ നടൻ പ്രതിരോധത്തിലായി. ഇതിനിടെ, രണ്ടാം പ്രതി അഹമ്മദ് മുർഷാദിനെയും സ്റ്റേഷനിലെത്തിച്ചു. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ചോദ്യം ചെയ്തതോടെ ഷൈൻ ലഹരി ഉപയോഗം സമ്മതിച്ചു. പരിശോധനയ്ക്കായി സാംപിളുകൾ നൽകാൻ സമ്മതംമൂളി. 22ന് അടുത്ത ചോദ്യംചെയ്യലിനു മുൻപ് ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണും കോൾ രേഖകളും പൊലീസ് പരിശോധിക്കും. ലഹരി വ്യാപാരികളുമായോ ഇടനിലക്കാരുമായോ ബന്ധമുണ്ടോയെന്നു കണ്ടെത്താനാണു ശ്രമം. മുർഷാദിൽനിന്നു ഷൈൻ 20,000 രൂപ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതു ലഹരി ഇടപാടിന്റെ ഭാഗമാണോയെന്ന് അറിയാൻ മുർഷാദിനെ ചോദ്യം ചെയ്യും. പരിശോധനയ്ക്കായി മുർഷാദിന്റെ സാംപിളുകളും ശേഖരിക്കും.