വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നവസാനിക്കും. അവസാന നിമിഷവും ലിസ്റ്റ് പരിഗണിച്ചില്ലെങ്കിൽ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന വനിതാ സി.പി.ഒ റാങ്ക് ഹോൾഡേഴ്സിന്റെ കാക്കി അണിയാനുള്ള പ്രതീക്ഷകൾക്ക് ഇന്ന് വിരാമമാകും. സർക്കാർ അവഗണനയിൽ ഉദ്യോഗാർഥികൾ ഇന്ന് പി.എസ്.സി റാങ്ക് ഫയൽ കത്തിച്ച് പ്രതിഷേധിക്കും.
സമരങ്ങളോട് സഹിഷ്ണുത കാട്ടാത്ത സർക്കാർ നിലപാടിൽ നിന്ന് സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് ഒരു പാഠം ഉൾക്കൊണ്ടു. പഠിച്ച പരീക്ഷയെഴുതി പാസായി, ഫിസിക്കലും കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ വന്നിട്ട് ഒന്നും കാര്യമില്ല, ഭാഗ്യം കൂടി വേണം. സർക്കാരിന് മനസലിവ് ഉണ്ടാകുമ്പോഴുള്ള ഭാഗ്യം. കാക്കിയണിയാനുള്ള ഇവരുടെ സ്വപ്നം പൂവണിയുമോ എന്ന് ഇനി ആ ഭാഗ്യമാണ് തീരുമാനിക്കുക.
തൊട്ട് മുൻപത്തെ സി.പി.ഒ പരീക്ഷയിൽ കട്ട് ഓഫ് 45 മാർക്കും 815 പേർക്ക് നിയമനവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സമരമിരിക്കുന്ന വനിതാ സി.പി.ഒ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ ഉയർന്ന കട്ട് ഓഫ് മാർക്കിൽ ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനം മൂപ്പത് ശതമാനത്തിൽ താഴെ മാത്രമാണ്. ഒന്നുകിൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം അല്ലെങ്കിൽ ഇന്ന് രാത്രി 12 മണിക്കുള്ളിൽ ഒഴിവുകൾ നികത്തണം. ഇതല്ലാതെ ഉദ്യോഗാർഥികളുടെ ജോലി എന്ന സ്വപ്നംത്തിന് മറ്റ് മാർഗങ്ങളില്ല.