ഏറ്റുമാനൂർ നീറിക്കാട് മീനച്ചിലാറില്‍ ചാടി ജീവനൊടുക്കിയ അമ്മയുടേയും മക്കളുടേയും സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ജിസ്മോളുടെ ഇടവക പള്ളിയായ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളിയിലാണ് സംസ്കാരം. പാലായിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 9 മണിയോടെ നീറിക്കാട് ലൂർദ്മാതാ ക്നാനായ പള്ളിയിലെ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് പത്തരയോടെ ജിസ്മോളുടെ മുത്തോലിയിലെ വീട്ടിലേക്ക് മൂന്ന് മൃതദേഹങ്ങളും കൊണ്ടുപോകും.
ഭർത്താവിന്‍റെ വീട്ടിൽ കടുത്ത മാനസിക പീഡനമേറ്റ ജിസ്മോളുടെ മൃതദേഹം ഭർതൃവീട്ടിലേക്ക് കൊണ്ടു പോകുന്നതിനെ കുടുംബം എതിർത്തിരുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്മോളുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അച്ഛന്‍റേയും സഹോദരന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും കേസിലെ തുടർനീക്കങ്ങൾ.