പ്രസവശേഷം ഉപേക്ഷിച്ചു പോയ കുഞ്ഞിനു വേണ്ടി ജാർഖണ്ഡ് സ്വദേശികൾ വന്നാൽ ഏറ്റെടുക്കൽ നടപടി എളുപ്പമാകില്ല. സംരക്ഷിക്കാനുള്ള ശേഷി മാതാപിതാക്കൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കുഞ്ഞിനെ കൈമാറുവെന്ന് സിഡബ്ല്യുസി ചെയർമാൻ. ഇതിനായി മാതാപിതാക്കളുടെ പശ്ചാത്തലത്തെക്കുറിച്ച് ജാർഖണ്ഡ് സിഡബ്ല്യുസിയോട് റിപ്പോർട്ട് തേടുമെന്നും അഡ്വ. വിൻസെന്റ് ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പൊലീസിന്‍റെ നേതൃത്വത്തിൽ വീഡിയോ കോളിലൂടെ കുഞ്ഞിനെ കണ്ടപ്പോളാണ് മംഗളേശ്വരിനും ഭാര്യ രഞ്ജിതയ്ക്കും കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന കാര്യത്തിൽ ഉറപ്പുവന്നത്. കുട്ടിയെ ഏറ്റെടുക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലേക്ക് മടങ്ങിവരുമെന്നും പിതാവ് ഉറപ്പുനൽകി. നിലവിൽ അങ്കമാലിയിലെ ശിശുഭവനിലാണ് നിധിയെന്ന് പേരിട്ട കുഞ്ഞുള്ളത്. മാതാപിതാക്കൾ ഏറ്റെടുക്കാൻ വരുമെന്ന സൂചന പൊലീസിൽ നിന്ന് സിഡബ്ല്യുസിക്ക് ലഭിച്ചിട്ടുണ്ട്.

മാതാപിതാക്കൾ തിരിച്ചുവന്നില്ലെങ്കിൽ, നിധി സർക്കാർ സംരക്ഷണയിൽ തന്നെ തുടരും. സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലെ രണ്ടുലക്ഷത്തോളം വരുന്ന ചികിൽസാചെലവ് അടയ്ക്കാനില്ലാത്തതും കുട്ടി ആരോഗ്യം വീണ്ടെടുക്കുമെന്ന് ഉറപ്പില്ലാത്തതുമാണ് ഉപേക്ഷിക്കാൻ കാരണമായി മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത്. ജനനസമയത്ത് ഒരു കിലോയിൽ താഴെമാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനിപ്പോൾ മൂന്നുകിലോയിലധികം തൂക്കമുണ്ട്. മാതാപിതാക്കൾ സ്വമേധയാ തിരിച്ചു വന്നില്ലെങ്കിൽ ജാർഖണ്ഡിലേക്ക് പോകാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.

ENGLISH SUMMARY:

CWC Chairman Adv. Vincent Joseph told Manorama News that handing over the abandoned baby to the Jharkhand natives will not be easy. The child will only be given to the parents after confirming their capacity to care for the child. A background report has been requested from the Jharkhand CWC to ensure this.