നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. വിശദമായി ചോദ്യം ചെയ്യുമെന്ന് എസിപി സി.ജയകുമാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഹോട്ടലിൽ നിന്ന് ലഹരിമരുന്നൊന്നും കണ്ടെത്താത്തതിനാൽ ഷൈനെതിരെ നിലവിൽ കേസെടുത്തിട്ടില്ല. ഷൈനിനൊപ്പം അഭിഭാഷകനും സ്റ്റേഷനിലെത്തി. ഷൈന്‍ ഹാജരായത് അറിയിച്ചതിലും അരമണിക്കൂര്‍ മുന്‍പേയാണ്.
സെൻട്രൽ എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. അന്ന് പരിശോധനക്കെത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാട് നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഈ ഇടപാടുകൾ മറയ്ക്കാനാണ് ഷൈൻ രക്ഷപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു.
നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം അന്ന് ഹോട്ടലിലെത്തിയത്. കൊച്ചിയിൽ നിന്ന് മുങ്ങിയ ഷൈൻ പൊള്ളാച്ചിയിലെ റിസോര്‍ട്ടില്‍ പോയെന്നായിരുന്നു വിവരം.