ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുമെന്ന് പിതാവ് മനോരമ ന്യൂസിനോട്. താര സംഘടനയായ അമ്മയുടെ നോട്ടിസിന് ഇന്നുതന്നെ മറുപടി നല്‍കും. തിങ്കളാഴ്ച സൂത്രവാക്യം സിനിമയുടെ ഇന്‍റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുമെന്നും പിതാവ് സി.പി.ചാക്കോ.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്നു തന്നെ നോട്ടീസ് നല്‍കുമെന്ന് പൊലീസും വ്യക്തമാക്കി. കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് മുങ്ങിയ ഷൈന്‍ നിലവില്‍ പൊള്ളാച്ചിയിലെ റിസോര്‍ട്ടിലുണ്ടെന്നാണ് വിവരം. ഷൈന്‍ താമസിച്ച മുറിയില്‍ നിന്ന് തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ കേസെടുക്കാനാകില്ലെന്ന് കൊച്ചി നര്‍കോട്ടിക്സ് എസിപി മനോരമ ന്യൂസിനോട് വ്യക്തമാക്കി.
പേടിച്ചോടിയതിന്‍റെ പേരില്‍ ഷൈനെതിരെ കേസെടുക്കാനാകില്ലെങ്കിലും ഓടിയതെന്തിനെന്ന് ഷൈന്‍ പൊലീസിനോട് വിശദീകരിക്കേണ്ടിവരും. എത്രയുംപെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരിക്കും നിര്‍ദേശം. നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം ഷൈൻ താമസിച്ച ഹോട്ടലിൽ എത്തിയതെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ഡാന്‍സാഫ് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. പകൽ ഷൈനിന്‍റെ മുറിയിലെത്തിയ രണ്ട് യുവതികളിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. മൂന്ന് പേര്‍ക്കും ലഹരിയിടപാടുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. വേദാന്ത ഹോട്ടല്‍ പരിസരത്തു നിന്ന് അപ്രത്യക്ഷനായ ലഹരിവിതരണക്കാരനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.