കോന്നി ആനക്കൂട്ടിൽ അമ്മയുടെ കൺമുന്നിൽ കോൺക്രീറ്റ് തൂണ് വീണ് നാലുവയസ്സുകാരന് ദാരുണ മരണം. കടമ്പനാട് സ്വദേശികളായ അജി സിനി ദമ്പതികളുടെ മകൻ അഭിറാം ആണ് മരിച്ചത്. ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് കോന്നി എംഎൽഎ അടക്കം ആരോപിച്ചു.
കല്ലേലി ക്ഷേത്രത്തിൽ പോയശേഷം അമ്മയ്ക്കൊപ്പം കോന്നി ആനക്കൂട്ടിൽ എത്തിയതായിരുന്നു അഭിറാം. ഉച്ചയ്ക്ക് 12 30 ഓടെ കോൺക്രീറ്റ് തൂണിൽ പിടിച്ച് നിന്ന് ഫോട്ടോ എടുക്കുമ്പോഴാണ് തൂണ് അഭിരാമിന്റെ മുകളിലേക്ക് വീണത്. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
5 സുരക്ഷാ ജീവനക്കാരുള്ളവർക്കും വീഴ്ച പറ്റിയെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. തൂണിന്റെ ബലക്ഷയം പ്രത്യക്ഷത്തിൽ വ്യക്തമാണ്. തൊട്ടടുത്തുള്ള തൂണുകൾക്കും ബലക്ഷയമുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയാകും വരെ കോന്നി ആനക്കൂട് അടച്ചിട്ടു. അഭിരാമിന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള പിതാവ് നാട്ടിലെത്തിയ ശേഷമാകും സംസ്കാരം.