ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ നടക്കേണ്ട എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് ശോചനീയ അവസ്ഥയിൽ. കോടികൾ ചിലവഴിച്ചു നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞിളകി. ജംപിങ് മത്സരങ്ങൾക്കായുള്ള നാല് പിറ്റുകളിൽ ഒരെണ്ണം മാത്രമേ ഉപയോഗിക്കാൻ കഴിയു. ഈ മാസം 21 മുതൽ 24 വരെയാണ് ദേശീയ താരങ്ങൾ പങ്കെടുക്കുന്ന ഫെഡറേഷൻ കപ്പ്.
കഴിഞ്ഞ നവംബറിൽ സ്‌കൂൾ കായിക മേളക്കായി ഏഴ് കോടിയോളം രൂപ ചെലവഴിച്ചാണ് സിന്തറ്റിക് ട്രാക്ക് നവീകരിച്ചത്. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കേണ്ടത് പൊളിഞ്ഞിളകിയ ഈ സിന്തറ്റിക് ട്രാക്കിലാണ്. ഷോർട്ട് പുട്ട് ഉൾപ്പടെ ത്രോ ഇനങ്ങൾക്കുള്ള സർക്കിളുകളും ട്രാക്കിലെ ലൈനുകളും ദേശീയ നിലവാരത്തിലുള്ളവയല്ല. നാല് ജംപിങ് പിറ്റുകൾ ഉണ്ടായിരുന്ന ഗ്രൗണ്ടിൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നത് ഒരെണ്ണം മാത്രം. ത്രോ ഇനങ്ങൾക്കുള്ള സർക്കിൾ ഫെഡറേഷൻ കപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന കേരള അത്‌ലറ്റിക് അസോസിയേഷൻ മുൻകൈ എടുത്ത് മാറ്റി പണിയുകയാണ്. ട്രാക്കിന്റെ നവീകരണത്തിൽ അടക്കം കേരള അത്‌ലറ്റിക് അസോസിയേഷന്റെ ടെക്നിക്കൽ കമ്മിറ്റിയെ സഹകരിപ്പിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ഫെഡറേഷൻ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒളിംപ്യന്മാരും മുതിർന്ന കായിക താരങ്ങളും അടക്കം ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.