കോഴിക്കോട് DCCയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടനചടങ്ങിനിടെ ക്യാമറയിൽ പതിയാനുള്ള നേതാക്കളുടെ ഉന്തും തള്ളുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ട്രോള്‍. ഇതിനൊപ്പം കെ.കരുണാകരന്റെ പേരിൽ നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്‌ഘാടനച്ചടങ്ങിൽ മകനായ മുരളീധരന്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ ചർച്ചയായി.
സ്ഥലം പുതിയ ഡിസിസി ഓഫിസ് അങ്കണം. ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് ഈ അങ്കം. നേരത്തെ എത്തി സ്ഥാനമുറപ്പിച്ച മുന്‍ ഡിസിസി പ്രസിഡന്‍റ് കെ സി അബു കല്ലുപോലെ മുന്‍നിരയിലുണ്ട്. എങ്ങനെയൊക്കെയോ ഉദ്ഘാടകന്‍ കെ.സി വേണുഗോപാല്‍ മുന്‍നിരയിലെത്തി. പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും. എന്നാല്‍ ഒരു രക്ഷയുമില്ല. കേറിപ്പോകാന്‍ പറ്റുന്നില്ല. മറ്റുള്ളവരോട് എന്തൊക്കെയോ പിറുപിറുത്ത് ഒടുവില്‍ മുന്നിലെത്തി. ഇങ്ങനെ എത്തിയ കെ.സുധാകരന്‍ അടക്കമുള്ളവരെ തള്ളി മാറ്റിയാണ് രമേശ് ചെന്നിത്തല സ്ഥാനം പിടിച്ചത്. അപ്പോഴേയ്ക്കും മറ്റു ചിലര്‍ക്ക് മുന്‍നിര നഷ്ടമായികഴിഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ മുന്നിലേക്ക് എത്തിക്കാന്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് കൂടിയായ ടി.സിദ്ദിഖ് എംഎല്‍എ കുറച്ചൊന്നുമല്ല വിയര്‍ത്തത്.
എല്ലാവരേയും മാനേജ് ചെയ്യുന്നതിനിടയില്‍ കെട്ടിട നിര്‍മാണത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഡിസിസി പ്രസിഡന്‍റ് അവസാനം രണ്ടാം നിരയിലേയ്ക്ക് തള്ളപ്പെട്ടു.