മലപ്പുറം മക്കരപ്പറമ്പിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്തി. മക്കരപറമ്പ് സ്വദേശി സുഹറയുടെ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രിയോടെ കോട്ടയംകാരൻ നാസർ വീണത്. മോഷണ ശ്രമത്തിനിടെ കിണറ്റിൽ വീണതാകാം എന്നാണ് സംശയിക്കുന്നത്.
ഇന്നലെ വൈകിട്ട് കിണർ വൃത്തിയാക്കി ഇട്ടതാണ്. ഇന്ന് രാവിലെ കിണറ്റിൽ വെള്ളമായോ എന്ന് നോക്കാൻ പോയവർ കണ്ടത് കിണറ്റിൽ കിടക്കുന്ന മനുഷ്യനെ.
ഇന്ന് പുലർച്ചെയോടെ ഇയാൾ സമീപത്തുള്ള മറ്റൊരു വീടിന്റെ മതിൽ ചാടി കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മതിൽ ചാടിക്കടന്ന് വരുമ്പോൾ ആൾമറയില്ലാത്ത കിണറ്റിൽ വീണതാകാം എന്നാണ് സംശയിക്കുന്നത്. ആളുകൾ കൂട്ടം ചേർന്ന് കിണറ്റിൽ നാസറിന് കരയ്ക്ക് കയറാൻ ഏണിവെച്ച് നൽകി. ഏണിവഴി കരയ്ക്ക് കയറാതായതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കരയ്ക്ക് കയറ്റി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.