കേരള സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി തമിഴ്നാട്ടുകാരന്. ധനലക്ഷ്മി എന്ന പേരിൽ 180 ലോട്ടറി എടുത്ത സേലം സ്വദേശിയായ ഏജന്റ് പാലക്കാട്ടെ കിങ് സ്റ്റാർ ഏജൻസിയിലെത്തി ഭാഗ്യവാനെ വെളിപ്പെടുത്തി. പേര് രഹസ്യമാക്കി വയ്ക്കണമെന്നും ലോട്ടറി നേരിട്ട് ലോട്ടറി വകുപ്പിനെ ഏൽപ്പിക്കുമെന്നും ഏജന്‍റ് അറിയിച്ചു . ഉച്ചയോടെയാണ് ഭാഗ്യം തുണച്ച ലോട്ടറിയുടെ പകർപ്പുമായി ഏജന്റ് പാലക്കാട്ടെത്തിയത്. അടുത്തദിവസം തിരുവനന്തപുരത്തെ ലോട്ടറി വകുപ്പ് ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറുമെന്നാണ് വിവരം. ഈമാസം രണ്ടിനാണ് സമ്മർ ബംപർ നറുക്കെടുപ്പ് നടന്നത്.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം എസ്.സുരേഷിന്റെ കിങ് സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നു സബ് ഏജന്റായ ധനലക്ഷ്മി ലോട്ടറി ഏജൻസീസ് വാങ്ങി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ പാലക്കാട് വണ്ടിത്താവളം ഏന്തൽപാലത്തു വിറ്റ എസ്ബി 265947 എന്ന ടിക്കറ്റിനാണ്.
ആറുച്ചാമിയുടെ ഉടമസ്ഥതയിലുള്ള, ഏന്തൽപാലത്തെ അർച്ചന ലോട്ടറി ഏജൻസിയിൽ നിന്നു ചില്ലറ ലോട്ടറി വിൽപനക്കാരനായ വണ്ടിത്താവളം സ്വദേശി ചന്ദ്രനാണു സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. പതിവുപോലെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റതും പാലക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലാ ഓഫിസിലും ചിറ്റൂർ, പട്ടാമ്പി സബ് ഓഫിസുകളിലുമായി ഇക്കുറി 7,94,410 ടിക്കറ്റാണു വിറ്റത്.
12 കോടി ഒന്നാം സമ്മാനം നൽകുന്ന വിഷു ബംപർ ടിക്കറ്റിനും മികച്ച വില്‍പ്പനയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം വീതവും നാലാം സമ്മാനം 5 ലക്ഷം വീതവും 6 സീരീസിലും നൽകും. 300 രൂപയാണു ടിക്കറ്റ് വില. മേയ് 28ന് ഉച്ചയ്ക്കു രണ്ടിനാണു നറുക്കെടുപ്പ്.