jaisamma

TOPICS COVERED

തൃശൂരിൽ ലോട്ടറി വിൽക്കുന്ന കാഴ്ച പരിമിതിയുള്ള ഒരു അമ്മയും മകളുമുണ്ട്. സ്വന്തമായി ഒരു കിടപ്പാടം, അതിനുവേണ്ടിയുള്ള നെട്ടോട്ടമാണിവരുടേത്. ശക്തൻ സ്റ്റാൻഡിലെ സായാഹ്നങ്ങളിൽ ബസിറങ്ങി അമ്മയുടെ കൈപിടിച്ചു നടക്കുന്ന ഏഴാം ക്ലാസുകാരി സ്ഥിരം കാഴ്ചയാണ്. കൈപിടിച്ചു നടക്കുന്നത് അമ്മയ്ക്ക് കാഴ്ചയില്ലാത്തതുകൊണ്ടുമാത്രമല്ല, ഒരു വശം തളർന്ന ശരീരത്തിന് താങ്ങു നൽകാൻ കൂടിയാണ്. മൂന്ന് കിലോമീറ്ററോളം അങ്ങനെ നടന്നാൽ അമ്മ ലോട്ടറി വിൽക്കുന്ന സ്ഥിരം സ്ഥലത്തെത്തും. 

മൂവന്തിയാകുമ്പോൾ തുടങ്ങുന്ന അധ്വാനമാണ്. ഈ ദിനചര്യ തുടങ്ങിയിട്ട് കുറെ കാലമായി. ജെയ്സമ്മ എന്ന അമ്മ ഒറ്റയ്ക്കായിരുന്നില്ല. കാഴ്ച പരിമിതിയുള്ള ആളെ തന്നെയാണ് കല്യാണം കഴിച്ചത്. ആ ജീവിതത്തിൽ കിട്ടിയത് രണ്ട് മക്കൾ. ഭർത്താവ് ഉപേക്ഷിച്ചപ്പോൾ മകനെ കൂടെ കൊണ്ടുപോയി.  ജെയ്സമ്മയ്ക്ക് തുണയിപ്പോള്‍ മകളാണ്.

സ്വന്തമായി വീടില്ലെന്ന് പറയാനാവില്ല.  പക്ഷേ അവിടെ കയറിക്കിടക്കാനാകില്ല. നന്നാക്കിയെടുക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട് വാടക വീട്ടിലേയ്ക്ക് താമസം മാറി. അധ്വാനിച്ച് സമ്പാദിക്കുന്നതില്‍ നിന്ന്  6,500 രൂപ വാടകയ്ക്കായി മാറ്റിവയ്ക്കും. ബാക്കിയുള്ളതുകൊണ്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. സ്വന്തമായി ഒരു വീടുണ്ടായാൽ മിച്ചം വരുന്ന തുക കൊണ്ട് തനിക്ക് താങ്ങായ മകളെ പഠിപ്പിക്കാം. അതാണ് ജെയ്സമ്മയുടെ സ്വപ്നങ്ങളിൽ പ്രധാനം. 

ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്ന താൽക്കാലിക ജോലികൂടി ജെയ്സമ്മയ്ക്ക് ഉണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി ആ ജോലി ഉപേക്ഷിക്കാനാവില്ല. ശരീരം തളര്‍ന്നെങ്കിലും പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത് ജീവിത സാഹചര്യങ്ങളാണ്. ആരെങ്കിലുമൊക്കെ നൽകുന്ന കൈത്താങ്ങിൽ നാലു തൂണും ഒരു കൂരയും സ്വപ്നം കണ്ട് ജീവിതം തള്ളിനീക്കുകയാണ് ഇരുവരും.  

ENGLISH SUMMARY:

In Thrissur, a visually impaired mother and her daughter sell lottery tickets to make ends meet. Their dream is to own a small plot of land—a goal they tirelessly strive toward. Every evening at the Shakthan bus stand, a familiar sight unfolds: a seventh-grade girl gets off the bus and walks hand-in-hand with her mother. This gesture is not just to guide her mother, who cannot see, but also to support her partially paralyzed body. They walk about three kilometers this way until they reach the usual spot where the mother sells lottery tickets.