കൊച്ചി വൈറ്റിലയിലെ ചന്ദർ കുഞ്ജ് ആർമി ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ കൊച്ചി മെട്രോയ്ക്കുള്ള ആശങ്ക അകറ്റാൻ ജില്ലാ ഭരണകൂടം. പൊളിക്കൽ നടപടികളുടെ വിശദാംശങ്ങൾ അടുത്ത സമിതിയിൽ ചർച്ച ചെയ്യും. മെട്രോയുടെ തൂണുകളിലും പാളത്തിലും സ്ഫോടനം ആഘാതമേൽപ്പിക്കുമോ എന്നും വിദഗ്ധസംഘം പരിശോധന നടത്തും.
ഫ്ലാറ്റ് സമുച്ചയം പൊളിക്കുമ്പോൾ മെട്രോയ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമോ എന്ന ആശങ്ക കത്തിലൂടെ ജില്ലാ ഭരണകൂടത്തെ അധികൃതർ അറിയിച്ചിരുന്നു. വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് മെട്രോ കടന്നുപോകുന്നത് പൊളിക്കാനുള്ള ബി,സി ടവറുകൾക്ക് തൊട്ടരികിലൂടെയാണ്. ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടനത്തിൽ മെട്രോയുടെ തൂണുകൾക്കും പാളത്തിനും ആഘാതം ഏൽക്കുമോ എന്നുള്ളതാണ് പ്രധാന ആശങ്ക. പൊളിക്കൽ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ അടുത്ത സമിതി യോഗത്തിൽ കെഎം ആർ എൽ അധികൃതരുമായി ചർച്ചചെയ്യാൻ ഒരുങ്ങുകയാണ് ജില്ലാ കളക്ടർ. ഫ്ലാറ്റ് സമുച്ചയങ്ങൾ വിദഗ്ധ സാങ്കേതിക സംഘം സന്ദർശിച്ചതുപോലെ സമീപത്തെ മെട്രോ തൂണുകളിലും പരിശോധന നടത്തും. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്തു മാത്രമേ പൊളിക്കൽ നടപടികളിലേക്ക് കടക്കാവൂ എന്ന ആവശ്യവും മെട്രോ കത്തിൽ ബോധിപ്പിച്ചിട്ടുണ്ട്. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിൽ ആറുമാസത്തിനുള്ളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനാണ് ലക്ഷ്യമിടുന്നത്. അന്ന് നേതൃത്വം നൽകിയ കമ്പനികൾ തന്നെയാണ് ആർമി ഫ്ലാറ്റുകളും പൊളിക്കുന്നത്. മരടിലെ ഫ്ലാറ്റുകളെക്കാൾ എളുപ്പത്തിൽ ആർമി ഫ്ലാറ്റുകൾ പൊളിക്കാം എന്നും സ്ഫോടനം മെട്രോയെ ഒരുതരത്തിലും ബാധിക്കില്ലെന്നും വിദഗ്ധസംഘം ചൂണ്ടിക്കാട്ടിരുന്നു. നിലവിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള വാടകയിൽ തർക്കം തുടർന്നാൽ പൊളിക്കൽ നടപടികൾ വൈകിയേക്കും.