എന്നും പകരക്കാരനായെത്തിയിരുന്ന ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണമടഞ്ഞു. സ്ഥിരം ഡ്രൈവര്‍ അവധിയായതിനെ തുടര്‍ന്ന് ബസ് ഓടിച്ച പാലാ ഇടമറ്റം മുകളേല്‍ കുടുംബാംഗം എം.ജി രാജേഷാണ് മരിച്ചത് . ബസ് യാത്രതുടങ്ങി അര മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു രാജേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ കുഴഞ്ഞുവീണു മരിച്ചു.
മുന്‍പ് ഇതേ ബസിന്‍റെ ഡ്രൈവറായിരുന്ന രാജേഷ് പിന്നീട് ഓട്ടോ ഡ്രൈവറായി. എങ്കിലും പല ബസുകളിലും ഇതുപോലെ പകരക്കാരനായെത്തുമായിരുന്നു. ഇന്നലെ ബസ് നിര്‍ത്തിയിടുന്ന പിണ്ണാക്കനാട്ടുനിന്ന് രാവിലെ 6.40നു ബസ് എടുത്ത് 7.15ന് ഇടമറ്റം ചീങ്കല്ല് ജംക്‌ഷനു സമീപം എത്തിയപ്പോഴേക്കും രാജേഷ് കുഴഞ്ഞുവീണു. ഉടന്‍ തന്നെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേഷ് കുഴഞ്ഞുവീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മതിലിലും പിന്നാലെ തെങ്ങിലുമിടിച്ചാണ് നിന്നത്. ഏകദേശം മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.
എസ്എസ്എല്‍സി പരീക്ഷയ്ക്കു പോകുന്ന കുട്ടികളുള്‍പ്പെടെ ബസില്‍ ഉണ്ടായിരുന്നെങ്കിലും ആരുടേയും പരുക്ക് ഗുരുതരമായിരുന്നില്ല. പൈക-ഭരണങ്ങാനം റൂട്ടിൽ ഇടമറ്റം ചീങ്കല്ല് ജംക്‌ഷനു സമീപം ഇന്നലെ രാവിലെ 7.15ന് ആണ് അപകടം. ചേറ്റുതോട്-ഭരണങ്ങാനം-പാലാ റൂട്ടിലോടുന്ന ‘കൂറ്റാരപ്പള്ളിൽ’ ബസ് പാലായിലേക്കു വരുമ്പോഴാണ് അപകടം. ഇടമറ്റം മുകളേല്‍ ഗോപാലകൃഷ്ണന്‍ നായര്‍ ലീലാമ്മ ദമ്പതിമാരുടെ മകനാണ് . തിടനാട് ചാരാത്ത് കുടുംബാംഗം അഞ്ജു എസ്.നായരാണ് ഭാര്യ. ഇടമറ്റം കെടിജെഎം ഹൈസ്‌കൂൾ വിദ്യാർഥികളായ അനശ്വര, ഐശ്വര്യ എന്നിവര്‍ മക്കളാണ്. അംബ രാജീവാണ് സഹോദരന്‍. രാജേഷിന്‍റെ സംസ്കാരം ഇന്ന് നടക്കും.