വയനാട്ടിലെ ടൗൺഷിപ്പിനുള്ള സമ്മതപത്രത്തിൽ ഒപ്പിടാൻ ഭയന്ന് ദുരന്തബാധിതർ. ടൗൺഷിപ്പിൽ വീടോ അല്ലെങ്കിൽ 15 ലക്ഷമോ എന്ന കാര്യത്തിൽ തീരുമാനമറിയിക്കാനാണ് സമ്മതപത്രം. പത്തുസെന്റ് ഭൂമിയിൽ വീട് അല്ലെങ്കിൽ 40 ലക്ഷം രൂപ എന്നാണ് ദുരിതബാധിതരുടെ ആവശ്യം. മാർച്ച് 24 വരെയാണ് സമ്മതപത്രം നൽകാനുള്ള കാലപരിധി.
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റി നിര്‍മ്മാണ വിലക്കുള്ള ഭൂമിയായി പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം. ദുരന്തമേഖലയില്‍ താമസം, കച്ചവടം എന്നിവ അനുവദിക്കില്ല. ദുരന്തത്തില്‍ കേടുപാട് സംഭവിച്ച വീടുകള്‍ സര്‍ക്കാര്‍ ഡി.ഡി.എം.എയുടെ മേല്‍നോട്ടത്തില്‍ പൊളിച്ചുമാറ്റും. പൊളിച്ചു മാറ്റുന്ന വീടുകളില്‍ നിന്നും ഉപയോഗ യോഗ്യമായ ജനല്‍, വാതില്‍, മറ്റു വസ്തുക്കള്‍ എന്നിവ ആളുകള്‍ക്ക് എടുക്കാം.
ദുരന്ത പ്രദേശത്തെ ഭൂമിയുടെ അവകാശം അതത് ഭൂ-ഉടമകള്‍ക്ക് മാത്രമായിരിക്കും. ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് മാത്രമായി അനുവദിക്കുമെന്നും ഒന്നിലധികം വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു വീട് ടൗണ്‍ഷിപ്പില്‍ ഉറപ്പാക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. അതേ സമയം ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥലമോ അതല്ലെങ്കിൽ സാമ്പത്തിക സഹായമായി 40 ലക്ഷം രൂപയോ അനുവദിക്കണമെന്ന ദുരന്തബാധിതരുടെ ആവശ്യം സർക്കാരിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടർ ദുരന്തബാധിതർക്ക് ഉറപ്പുനൽകി..
അതേസമയം വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകും. പുനരധിവാസം വൈകുന്നു, കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനമില്ല, ഫണ്ട് വിനിയോഗത്തിൽ വ്യക്തയില്ല എന്നിവ കാണിച്ചാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്. ടി.സിദ്ദീഖ് ആകും നോട്ടിസ് നൽകുക. ഈ സമ്മേളനത്തിൽ തന്നെ വയനാട് ഉയർന്നു വന്നതിനാൽ വീണ്ടും അവതരണ അനുമതി ലഭിക്കാൻ സാധ്യത കുറവാണ്. അഥവാ നോട്ടിസ് അവതരിപ്പിച്ചാൽ തന്നെ കേന്ദ്രത്തെ പഴിചാരി തലയൂരാനാവും ഭരണപക്ഷം ശ്രമിക്കുക.