കോൺഗ്രസിൽ ഐക്യമുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ഘടകകക്ഷികൾ ഹൈക്കമാൻഡിനോട്. മുന്നണിയുടെ കെട്ടുറപ്പ് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസ് നിർവഹിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് കക്ഷികൾ ആവശ്യങ്ങൾ ഉയർത്തിയത് .
ലീഗ്, ആർഎസ്പി നേതാക്കളുമായാണ് കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഇന്ന് കൂടിക്കാഴ്ച നടത്തിയത്. മുസ്‌ലിംലീഗിനായി പി കെ കുഞ്ഞാലിക്കുട്ടി മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. 10 മിനിറ്റ് മാത്രം നീണ്ട ചർച്ചയിൽ കുഞ്ഞാലിക്കുട്ടി മൂന്ന് കാര്യങ്ങൾ ഉന്നയിച്ചതായാണ് വിവരം. മുന്നണിയുടെ കെട്ടുറപ്പ് കോൺഗ്രസ് ഉറപ്പാക്കണം. പൊതു സമൂഹത്തിൽ ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കരുത്. മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന ഉത്തരവാദിത്വം കോൺഗ്രസ് പ്രകടിപ്പിക്കണം. ചർച്ചയുടെ വിശദാംശങ്ങൾ പാർട്ടിയെ ധരിപ്പിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്.
ആർഎസ്പിക്ക് വേണ്ടി ഷിബു ജോണും എ.എ അസീസുമാണ് ദീപദാസ് മുൻഷിയെ കണ്ടത്. കോൺഗ്രസിന് അകത്തെ തർക്കങ്ങൾ ചർച്ചയായെന്ന് ഷിബു ജോൺ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.ചുരുക്കത്തിൽ കോൺഗ്രസിനകത്തെ തർക്കങ്ങൾ പരിഹരിക്കുക മാത്രമല്ല, അത് പൊതുസമൂഹ്യ ബോധ്യപ്പെടുത്താനുള്ള നടപടികളും ആവശ്യപ്പെടുകയാണ് ലീഗ് ഉൾപ്പെടെയുള്ള ഘടകകകക്ഷികൾ.