ചിത്രങ്ങള്‍: മനോരമ (ഫയല്‍)

കോൺഗ്രസ് സ്ഥാനാർഥി നിർണയം അന്തിമമാക്കുന്നതിനുള്ള സുനിൽ കനുഗോലു സർവേയിൽ എംപിമാരുടെ പേരുകളും. എംപിമാർ മൽസരിക്കേണ്ടെന്നാണ് പൊതുവികാരം എങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. കെ.സുധാകരൻ (കണ്ണൂർ), ശശി തരൂർ (നേമം), ഷാഫി പറമ്പിൽ (തലശേരി), അടൂർ പ്രകാശ് (കോന്നി), കൊടിക്കുന്നിൽ സുരേഷ് (ചിറയിൻകീഴ്, അടൂർ) എന്നീ എംപിമാരാണ് പട്ടികയിൽ.

കെ.മുരളീധരന്റെ പേരും മൂന്നിടത്ത് ഉണ്ട്. തിരുവനന്തപുരം, വട്ടിയൂർക്കാവ്, പാലക്കാട് മണ്ഡലങ്ങളിലാണ് കെ.മുരളീധരന്‍റേ പേര് ഉയരുന്നത്. അരുവിക്കരയിൽ എം.എം.ഹസന്റെ പേരുമുണ്ട്.

കനുഗോലു ടീമിൻറെ മൂന്നാത്തെ നിർണായക സർവേ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തിൽ 2000 സാംപിൾ ശേഖരിക്കാനാണ് തീരുമാനം. 1000 പേരുടെ അഭിപ്രായമാണ് ആദ്യ രണ്ടു സർവേകളിൽ തേടിയത്. അതേസമയം, സ്ഥാനാർഥി പട്ടിക തയാറാക്കുന്ന മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി വിവിധ നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തി ഇന്ന് മടങ്ങും. 

അതേസമയം, തിരുവമ്പാടി സീറ്റ്, മുസ്‌ലിം ലീഗിൽ നിന്ന് ഏറ്റെടുക്കാൻ സമ്മർദ്ദം ശക്തമാക്കുകയാണ് കോൺഗ്രസ്. വി.എസ്. ജോയിയെ മല്‍സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ പകരം സീറ്റിന്‍റെ കാര്യത്തിൽ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്ക് പകരം ലീഗ് ഉറ്റുനോക്കുന്നത് മലപ്പുറം ജില്ലയിലെ തവനൂരോ പൊന്നാനിയോ ആണ്.

കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയ അനൂപ് ജേക്കബ് പിറവത്തിന് പുറമേ മറ്റൊരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടു. അടുത്തിടെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായ സി.കെ ജാനു വയനാട്ടിൽ സീറ്റ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നേതൃത്വം നിസ്സഹായത ചൂണ്ടിക്കാട്ടി. അധികാരത്തിലേറുമ്പോൾ പദവി നൽകാമെന്നാണ് ഉറപ്പ്. കളമശേരി - കൊച്ചി സീറ്റ് വച്ചുമാറ്റവും നടക്കില്ല എന്നാണ് സൂചന. 

ENGLISH SUMMARY:

The candidate selection process for the Congress party in Kerala has gained momentum with the ongoing third survey by Sunil Kanugolu's team. High-profile MPs, including K. Sudhakaran (Kannur), Shashi Tharoor (Nemom), Shafi Parambil (Thalassery), Adoor Prakash (Konni), and Kodikunnil Suresh (Chirayinkeezhu/Adoor), are featured in the survey list despite a general sentiment against MPs contesting Assembly polls. K. Muraleedharan's name is being considered for three constituencies—Thiruvananthapuram, Vattiyoorkavu, and Palakkad—while M.M. Hassan is being surveyed for Aruvikara.