ഇടുക്കി പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിൽ പണിത കുരിശ് റവന്യു സംഘം പൊളിച്ചു മാറ്റി. തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫാണ് കയ്യേറ്റ ഭൂമിയിൽ കുരിശ് നിർമ്മിച്ചത്. ജില്ല കലക്ടറുടെ നിരോധനാജ്ഞ മറികടന്ന് ഒഴിപ്പിക്കൽ നടപടി തടയാൻ കുരിശ് നിർമിച്ചത് മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നതോടെയാണ് റവന്യൂ വകുപ്പിന്റെ നടപടി
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് മൂന്നേക്കർ 31 സെന്റ് ഭൂമി കയ്യേറിയാണ് വൻകിട റിസോർട്ട് നിർമ്മിച്ചത്. ഇത് കയ്യേറ്റ ഭൂമിയാണെന്ന് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ച് റിസോർട്ടിനോട് ചേർന്ന് കുരിശ് നിർമ്മിച്ചത്.
പീരുമേട്, മഞ്ജുമല, വാഗമൺ മേഖലകളിലെ കയ്യേറ്റ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നിരിക്കെ ഉദ്യോഗസ്ഥരുടെ മൗനാനുവദത്തോടുകൂടിയായിരുന്നു കുരിശ് നിർമ്മാണം. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് കുരിശ് പൊളിച്ചു മാറ്റിയത്. കയ്യേറ്റത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞു. പരുന്തുംപാറ വാഗമൺ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.