TOPICS COVERED

ഏറ്റുമാനൂരിൽ പെൺമക്കളെയും കൂട്ടി ആത്മഹത്യ ചെയ്ത ഷൈനിയെ ജോലിയിൽനിന്ന് പിരിച്ചു വിട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി കെയർ ഹോമിന്‍റെ ഉടമസ്ഥൻ ഫ്രാൻസിസ് ജോർജ്. ഷൈനിയുടെ പിതാവ് കുര്യാക്കോസ് കെയർ ഹോമിനെതിരെ നൽകിയ പരാതിക്ക് പിന്നാലെ ഷൈനി ജോലി രാജിവച്ച് പോകുകയായിരുന്നു. കെയർഹോമില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഷൈനി സന്തോഷവതിയായിരുന്നു എന്നാണ് ഫ്രാന്‍സിസ് പറയുന്നത്. 

ഷൈനി നാലുമാസത്തോളം ഫ്രാൻസിസ് ജോർജിന്‍റെ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് വന്ന് ഒരാഴ്ചയ്ക്കകമാണ് ഷൈനി ഇവിടെ ജോലിക്ക് കയറിയത്. ഒഴിവില്ലാത്ത് സാഹചര്യമായിട്ടും ഷൈനിയുടെ അവസ്ഥ കണ്ട് ജോലി നല്‍കുകയായിരുന്നു എന്നാണ് ഫ്രാന്‍സിസ് പറയുന്നത്. പക്ഷേ ഷൈനിയുടെ പിതാവ് തുടര്‍ച്ചായായി സ്ഥാപനത്തിനെതിരെ പരാതി നല്‍കുന്നതും പ്രതിഷേധിക്കുന്നതും പതിവായി.

ഷൈനിയുടെ പിതാവാണ് പരാതികള്‍ നല്‍കുന്നതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറയുകയും അവരുടെ വീട്ടില്‍ പോകുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതെല്ലാം ഷൈനിയില്‍ അപകര്‍ഷതാബോധമുണ്ടാക്കി. പിന്നീട് ഷൈനി തന്നെയാണ് ജോലി രാജി വയ്ക്കുകയാണ്, ഇതൊന്നും ശരിയാകുന്നില്ല എന്ന് പറഞ്ഞതെന്നും ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ക്കുന്നു. ഐ.ഇ.എല്‍.ടി.എസ് എഴുതി വിദേശത്ത് പോകാം എന്നായിരുന്നു ഷൈനി പറഞ്ഞത്. പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതാണ് രാജിക്ക് കാരണമായി പറഞ്ഞത്. 

ഷൈനിയോട് കുടുംബകാര്യങ്ങള്‍ ചോദിച്ചിരുന്നില്ല. ഇവിടെ നിന്ന് ജോലി നിര്‍ത്തിയതോടെ ഷൈനിയുടെ പിതാവ് അവരെ തങ്ങളില്‍ നിന്ന് അകറ്റി. ഈ മുറ്റത്ത് കളിച്ച് നടന്ന്, ഇവിടുത്തെ സൈക്കിളൊക്കെ ഓടിച്ചു നടന്ന കുട്ടികളാണ്. ഇവിടെയായിരുന്നപ്പോള്‍ ആ കുട്ടികള്‍ ഹാപ്പിയായിരുന്നു എന്നും ഫ്രാന്‍സിസ് ഓര്‍ത്തെടുക്കുന്നു.

ENGLISH SUMMARY:

Francis George, the owner of the care home where Shiny worked, has revealed that she was not dismissed from her job before taking her own life along with her daughters. According to Francis, Shiny resigned voluntarily following a complaint filed by her father, Kuriakose, against the care home. He also stated that she appeared happy while working there.