ആശമാർക്ക് നൽകിയ ഫണ്ടിൽ കേന്ദ്ര സംസ്ഥാന തർക്കം തുടരുന്നതിനിടെ പരിഹാരമില്ലാതെ നീളുകയാണ് ആശ വർക്കർമാരുടെ സമരം. വനിതാദിനത്തിൽ സ്ത്രീകളെയാകെ അണിനിരത്തി സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ആശ വർക്കർമാർ. പിന്തുണയുമായി ഇന്നും നിരവധിയാളുകൾ സെക്രട്ടേറിയറ്റ് നടയിലെത്തി.
ബജറ്റ് ചെയ്തതിനേക്കാൾ അധികം കേരളത്തിന് നൽകിയിട്ടുണ്ടെന്നു കേന്ദ്രം, ഇൻസെന്റീവ് ഉൾപ്പടെ 636 കോടി നൽകാനുണ്ടന്നു സംസ്ഥാനം. തർക്കം തുടരുന്നതിനിടെ ആശമാരുടെ സമരം പരിഹാരമില്ലാതെ ഇരുപതിനാലാം ദിവസത്തിലേക്കു കടന്നു. സമരം ശക്തമാക്കാനാണ് തീരുമാനം.ചെയ്ത ജോലിക്കുള്ള കൂലിക്കായി നടത്തുന്ന ഇത്രയും മാന്യമായ സമരം സിപിഎം കണ്ടിട്ടുണ്ടാവില്ലെന്നു സമരപന്തലിലെത്തിയ എൻ. കെ. പ്രേമചന്ദ്രൻ.