തിരുവനന്തപുരം വാമനപുരത്ത് ഇരുവൃക്കകളും പാൻക്രിയാസും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. കളമച്ചൽ കീഴെത്തറ വിളയിൽ ഷിനുവാണ് രണ്ടര വർഷമായി വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി 43 ലക്ഷം രൂപ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകയാണ് കുടുംബം.
പ്രവാസിയായിരുന്ന ഷിനു രണ്ടരവർഷം മുൻപാണ് അസുഖബാധിതനായി നാട്ടിലെത്തിയത്. പ്രമേഹത്തിലൂടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അതിനിടെയാണ് പാൻക്രിയാസ് ഗ്രന്ധി കൂടി തകരാറിൽ ആയത്. ഇതോടെ ചികിത്സ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇനി ഷിനുവിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കിൽ ഇരു വൃക്കകളും പാൻക്രിയാസും മാറ്റി വെക്കണം.
ആദ്യഘട്ടത്തിൽ പ്രവാസി സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പണം സ്വരൂപിച്ച് നൽകി. ഷിനുവിന്റെ പിതാവ് ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ചികിത്സയ്ക്കായി ഭാര്യ വിനയയുടെ സ്വർണവും സമ്പാദ്യവും എല്ലാം ഉപയോഗിച്ചു. രോഗം മൂർച്ഛിച്ചതിനാൽ വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വേറെ ചികിത്സയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി 43 ലക്ഷം രൂപയാണ് ആവശ്യം. സഹായ ഹസ്തങ്ങൾ നീട്ടുന്നത് നന്മയുള്ള സമൂഹത്തോടാണ്.