അക്രമത്തിന്‍റേയും ലഹരിയുടേയും കാണാച്ചരടുകള്‍ പൊട്ടിച്ചെറിയാന്‍ മലയാള മനോരമ നല്ലപാഠത്തിന്‍റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്ത് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ കുട്ടികള്‍. ഒരു സഹജീവിയേയും സഹപാഠിയേയും ഉപദ്രവിക്കില്ലെന്ന് നാടിനും നാട്ടാര്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു 

നമ്മുടെ ഓരോ സഹപാഠിയും നമുക്ക് പ്രിയപ്പെട്ടവനും പ്രിയപ്പെട്ടവളുമാണെന്ന് എന്ന് ഓര്‍മപ്പെടുത്താനുള്ള പ്രതിജ്ഞ. അത് ഏറ്റുചൊല്ലാന്‍ കുട്ടികള്‍ക്ക് മാര്‍ഗദര്‍ശിയായത് വിവിധ മേഖലയിലെ പ്രമുഖര്‍. കൊച്ചിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, എസിപി പി.രാജ്കുമാര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം  ചേര്‍ന്നു. സംഘർഷം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നത്തിന്റെ തുടക്കമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വയനാട് ജില്ലയിലെ മിക്ക സ്കൂളുകളിലെ കുട്ടികളും ലഹരിക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും പ്രതിജ്ഞയെടുത്തു. കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ നടൻ അബു സലിം പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൊല്ലം മലയാള മനോരമ യൂണിറ്റിൽ എസിപി എസ് .ഷെരീഫ് അക്രമ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൊല്ലം മേയർ ഹണി ബഞ്ചമിൻ സന്ദേശം നൽകി.

ENGLISH SUMMARY:

Students from various schools across Kerala took a pledge under the leadership of Malayala Manorama’s Nalla Paadam initiative to stand against violence and substance abuse. In front of teachers and the community, they vowed not to harm their peers or fellow beings.