സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞ് അടച്ച് പൂട്ടല്‍ ഭീഷണി നേരിടുകയാണ് ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്കൂളുകള്‍. പതിനെട്ട് വയസിന് താഴെ പ്രായമുള്ള ഇരുപത് കുട്ടികളുണ്ടെങ്കില്‍ മാത്രമേ അംഗീകാരം നല്‍കൂ എന്ന നിലപാട് കര്‍ശനമാക്കിയാല്‍ പല സ്ഥാപനങ്ങള്‍ക്കും താഴ് വീഴും. പ്രയാസങ്ങള്‍ക്കിടയിലും മക്കളെ സുരക്ഷിതമായി പരിപാലിക്കുന്ന സൗകര്യം നിലയ്ക്കുമെന്ന രക്ഷിതാക്കളുടെ ആശങ്കയ്ക്കൊപ്പം നിരവധി അധ്യാപികമാരും സ്കൂള്‍ നടത്തിപ്പുകാരും പ്രതിസന്ധിയിലാവും.
കോര്‍ത്തെടുത്തും, തുന്നിച്ചേര്‍ത്തും ഇവര്‍ ജീവിത സ്വപ്നങ്ങളിലേക്ക് അടുക്കാന്‍ ശ്രമിക്കുകയാണ്. പിറവിയിലോ, തുടര്‍ച്ചയിലോ പൂര്‍ണതയില്ലാത്ത മനസിനെ ഇവര്‍ സ്വയം പഠിപ്പിച്ചെടുക്കുകയാണ്. മുന്നേറണം. തളര്‍ന്നുപോയാല്‍ ഒരു നോട്ടം കൊണ്ട് ഇവര്‍ക്ക് കരുതലിന്‍റെയും കൈത്താങ്ങിന്‍റെയും അടയാളം വേണം. നിഴലായ് കൂടെനിന്ന് പതിയെ കരുത്തുറ്റവരാക്കണം. ഇരുപതിലും നാല് വയസുകാരിയുടെ മനസുറപ്പ് മാത്രം പ്രകടിപ്പിക്കുന്നവര്‍ ഏറെയുള്ളപ്പോള്‍ ഉറ്റവര്‍ക്ക് കൂട്ടായ്മയുടെ ഇടങ്ങളില്‍ ഇവരെ എത്തിച്ചേ മതിയാവൂ. സര്‍ക്കാരിന്‍റെ നിബന്ധനകളില്‍ ഇളവില്ലെങ്കില്‍ പ്രതീക്ഷ അസഥാനത്താവും.
സ്വന്തമായി ഉപജീവനമാര്‍ഗം കണ്ടെത്തുക ഇവര്‍ക്ക് പ്രയാസമാണ്. എങ്കിലും പഠിക്കുന്നിടങ്ങളില്‍ തന്നെ വിദഗ്ധ പരിശീലനം നല്‍കിയാല്‍ അവരും നമുക്കൊപ്പം നീങ്ങാന്‍ ശ്രമിക്കും. ഭിന്നശേഷിക്കാരുടെ സ്കൂളുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളും അവരെ വര്‍ഷങ്ങളായി പഠിപ്പിക്കുന്ന അധ്യാപകരും ട്രെയിനര്‍മാരും ദുരിതത്തിലാകും. കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിച്ച് സ്വയംതൊഴില്‍ തേടിപ്പോകാന്‍ പോലും രക്ഷിതാക്കള്‍ക്ക് പ്രയാസം നേരിടുമെന്നും ആശങ്ക.