മുട്ടിൽ കേസില്‍ മുട്ടിൽ മരംമുറി കേസിൽ മെല്ലെപ്പോക്ക് തുടര്‍ന്ന് വനംവകുപ്പ്. പ്രതികള്‍ മരം മുറിച്ചത് എവിടെനിന്നെന്നതിൽ നാലുവര്‍ഷമായിട്ടും കോടതികള്‍ വ്യക്തത വരുത്തിയില്ല. പ്രതികളില്‍ നിന്നു പിഴ ഈടാക്കാനുള്ള റവന്യു നടപടിയും എങ്ങുമെത്തിയില്ല. വനം, റവന്യൂ വകുപ്പുകളുടെ നിലപാട് പ്രതികളെ സഹായിക്കാനാണെന്നാണ് ആരോപണം
മുട്ടില്‍ മരംമുറി കേസില്‍ വര്‍ഷം അഞ്ചാകാറായിട്ടും വനം വകുപ്പ് മെല്ലേപോക്ക് തുടരുന്നുവെന്നാണ് ആക്ഷേപം. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത വനംവകുപ്പ് പ്രതികള്‍ മുറിച്ചുകടത്തിയ മരത്തടികൾ വനത്തിനുള്ളിൽ നിന്നോ റവന്യുഭൂമിയിൽനിന്നോയെന്നതിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മരത്തടികൾ ഏതു ഭൂമിയിൽനിന്നാണെന്നു കൃത്യമായി കണ്ടെത്താനായാലേ പ്രതികൾക്ക് കോടതിയിൽനിന്നു ശിക്ഷ ലഭിക്കുകയുള്ളൂവെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. അങ്ങനെയിരിക്കെയാണ് മരം എവിടെ നിന്നെന്ന് കോടതിയില്‍ വ്യക്തത വരുത്താതെയുള്ള വനംവകുപ്പിന്‍റെ നീക്കം.
വനഭൂമിയിൽനിന്നാണു മരങ്ങൾ മുറിച്ചെന്ന് ഉത്തമബോധ്യമുണ്ടെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. എന്നാൽ, പട്ടയഭൂമിയിൽനിന്നുൾപെടെ മരങ്ങൾ മുറിച്ചതായും വനഭൂമിയിൽനിന്ന് ഈട്ടിത്തടികൾ നഷ്ടമായില്ലെന്നും പിന്നീട് കണ്ടെത്തിയെങ്കിലും ഇതുവരെ കോടതിയിൽ വ്യക്തത വരുത്താൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. അതിനിടെ പ്രതികളില്‍ നിന്നും പിഴ ഈടാക്കാനുള്ള റവന്യു നടപടിയും അനിശ്ചിതമായി നീളുകയാണ്. കേസ് നടത്തിപ്പിലും നടപടികളിലും വനംവകുപ്പും റവന്യുവകുപ്പും കാണിക്കുന്ന അനാസ്ഥയും മെല്ലെപ്പോക്കും പ്രതികളെ സഹായിക്കാനാണെന്ന ആരോപണമുയരുന്നത്