തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തലസ്ഥാനത്ത് കോൺഗ്രസിന്‍റെ ദയനീയ പരാജയത്തിൽ ഡിസിസിക്കെതിരെ വ്യാപക വിമർശനം. ഉപതിരഞ്ഞെടുപ്പ് നടന്ന ശ്രീവരാഹം വാർഡിൽ ഒരു ബൂത്തിൽ ശരാശരി മുപ്പതിൽ താഴെ വോട്ടാണ് കോൺഗ്രസിന് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ തട്ടിക്കൂട്ടി കമ്മിറ്റികൾ ഉണ്ടാക്കിയതല്ലാതെ ജില്ലാ കോൺഗ്രസ് നേതൃത്വം ഒന്നും ചെയ്തില്ലെന്നാണ് വിമർശനം.
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിയെന്ന് മേനി പറയുമ്പോഴും തലസ്ഥാനത്ത് അടിതെറ്റി വീണത് കോൺഗ്രസിന് തലവേദനയാകുന്നു. ആര്യ രാജേന്ദ്രൻ മേയറായ തിരുവനന്തപുരം കോർപ്പറേഷൻ ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നുവെന്ന് പറയുന്നിനിടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തിയത്. ഇവിടെ മൂന്നാം സ്ഥാനത്തായ കോൺഗ്രസിന് കിട്ടിയത് വെറും 277 വോട്ടാണ്. ഒരു ബൂത്തിൽ ശരാശരി 55 വോട്ട്. കഴിഞ്ഞതവണ കിട്ടിയ 470 വോട്ടിന്‍റെ പകുതിയെ ഇത്തവണ നേടാനായുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പ് പിടിക്കാൻ ഓരോ വാർഡിന്‍റേയും ചുമതല മുതിർന്ന നേതാക്കൾക്ക് വീതിച്ച് നൽകിയിരുന്നു. പക്ഷേ കമ്മറ്റി ഉണ്ടാക്കിയതല്ലാതെ മാസം ഏഴ് കഴിഞ്ഞിട്ടും യോഗം ചേർന്നിട്ടില്ല.
പാലോട് രവി ഡിസിസി പ്രസിഡണ്ടായ ശേഷം സംഘടനാ സംവിധാനം തകർന്നെന്നും വിമർശനമുയരുന്നുണ്ട്. പാലോടിനെ മാറ്റണമെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ആവശ്യമുയർന്നെങ്കിലും വി ഡി സതീശന്‍റെ പിന്തുണയോടെ തുടങ്ങുകയാണ്. സാംസ്കാരിക പരിപാടികൾ നടത്തുന്നതിൽ മാത്രമാണ് പാലോടിന് താല്പര്യമെന്നു ഡിസിസി നേതാക്കൾ KPCC നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. കോർപ്പറേഷൻ എതിരെ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിലും ഡിസിസി സമ്പൂർണ്ണമായി പരാജയപ്പെട്ടെന്നും വിമർശനമുണ്ട്.100 വാർഡ് ഉള്ള തിരുവനന്തപുരം കോർപ്പറേഷൻ കോൺഗ്രസിൻറെ അംഗബലം വെറും എട്ടാണ്. ഇങ്ങനെ പോയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 8 4 ആയി ചുരുങ്ങുമെന്ന് മുന്നറിയിപ്പാണ് ഡിസിസി ഭാരവാഹികൾ നൽകുന്നത്.