ആറു മണിക്കുറിനിടെ അഞ്ചു പേരെ വകവരുത്തിയ അഫാൻ നാട്ടിലെ നല്ലപിള്ള. ആഡംബരജീവിതത്തിന് കടം വാങ്ങിക്കൂട്ടിയ അഫാൻ എട്ടുവർഷം മുന്‍പും എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ബന്ധുക്കൾക്കാർക്കും തന്നോടും പിതാവിനോടും സ്നേഹം ഇല്ലായിരുന്നുവെന്നും ആപത്ത് വന്നപ്പോൾ ആരും സഹായിച്ചില്ലെന്നുമാണ് അഫാൻ പൊലീസിന് നൽകിയിട്ടുള്ള മൊഴി.
വെഞ്ഞാറമൂട് പനവൂരിലെ കോളേജിൽ ബിരുദ കോഴ്സ് പാതിവഴിയിൽ മുടക്കിയ ശേഷം അഫാൻ ജോലിയൊന്നും ചെയ്തിരുന്നില്ല. കുടുംബത്തിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബന്ധുക്കൾ സഹായിക്കാൻ തയ്യാറാകാത്തതുമാണ്
കൊടും കുറ്റകൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അഫാൻ വെളിപ്പെടുത്തുമ്പോഴും, ഈ 23 കാരന്‍റെ ജീവിതം ആഡംബരവഴിയിലായിരുന്നു. ബൈക്കുകളും മുന്തിയയിനം മൊബൈൽ ഫോണുകളും അയാളുടെ വീക്ക്നെസ്സ് ആയിരുന്നു. അടുത്തിടെയും പുതിയ ബൈക്ക് വാങ്ങി. അതിൽ പറന്നു നടന്നാണ് ഇന്നലെ ആറു മണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം എലിവിഷം കഴിച്ച ആദ്യ ആത്മഹത്യാശ്രമം അല്ല ഇതെന്ന് ഒപ്പം കളിച്ചു നടന്നവർ തന്നെ സാക്ഷ്യപ്പെടുത്തി. എട്ടുവർഷം മുമ്പ് വിഷം കഴിച്ചത് പുതിയ മൊബൈൽ ഫോണിന് വേണ്ടിയായിരുന്നു.
അഫാൻ ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് വിശ്വസിക്കുമ്പോഴും, നാട്ടിൽ അത്തരം സൂചനകൾ ഒന്നും അയാൾ നൽകിയിരുന്നില്ല. എന്നാൽ, അഫാൻ രാത്രി സഞ്ചാരി ആയിരുന്നുവെന്ന് അയൽക്കാർ പറയുന്നു. പഠനം പാതിവഴിയിൽ മുടക്കിയ അഫാൻ, പിതാവിനന്‍റെ ഗൾഫിലെ ബിസിനസ്സിൽ സഹായിക്കാൻ പദ്ധതിയിട്ടു. കോവിഡ് കാലത്ത് ബിസിനസ് തകർന്നതോടെ എല്ലാം നഷ്ടമായി. വിസിറ്റിംഗ് വിസയിൽ ഗൾഫിൽ പോയി മടങ്ങിയെത്തിയ അഫാന് നാട്ടിൽ സൗഹൃദങ്ങളും കുറവായിരുന്നു.