മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു ദുരന്തബാധിതരുടെ കുടിൽകെട്ടി സമരത്തിനിടെ സംഘര്‍ഷം. സമരം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ബെയ്‌ലി പാലം കടക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഉരുളെടുത്ത തങ്ങളുടെ ഭൂമിയില്‍ തന്നെ പ്രതിഷേധിക്കുമെന്ന് ദുരന്തബാധിതര്‍ വ്യക്തമാക്കി.

ജനശബ്ദം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ചൂരൽമല സ്കൂൾ റോഡിൽ കുടിൽ കെട്ടിയും കഞ്ഞിവെച്ചും പ്രതിഷേധിക്കാനായിരുന്നു നീക്കം. ചൂരൽമല ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കലക്ടറെറ്റിനു മുന്നിൽ ദുരന്തബാധിതരുടെ ഉപവാസവും നടക്കും. 

പുനരധിവാസത്തിനുള്ള പൂർണ ഉപഭോക്തൃ പട്ടിക പുറത്തു വിട്ട് വീടു നിർമാണം ഉടൻ ആരംഭിക്കുക, ഓരോ കുടുംബങ്ങൾക്കും പത്തുസെന്റ് ഭൂമി വീതം നൽകുക, ദുരന്ത ബാധിതർക്ക് ജോലി നൽകുക, തുടർചികിൽസ ലഭ്യമാക്കുക എന്നിവയാണ് ആവശ്യങ്ങൾ. ആക്ഷൻ കമ്മിറ്റികളുടെ പ്രതിഷേധത്തിന് യു. ഡി. എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, എല്ലാത്തിനും പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് മന്ത്രി ഒ.ആര്‍.കേളു മനോരമ ന്യൂസിനോട്. ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. പ്രശ്നങ്ങള്‍ പറഞ്ഞ് ആരും തന്നെ വന്ന് കണ്ടിട്ടില്ല; ആരും എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കേളു പറഞ്ഞു.

ENGLISH SUMMARY:

Protests by disaster victims over the delay in Mundakkai-Chooralmala landslide rehabilitation led to clashes. The unrest broke out after police intervened to stop the protest, where victims had set up temporary shelters as part of their demonstration. A scuffle ensued between the protesters and the police. The police stated that they would not allow access to the Bailey bridge, while the victims asserted their right to protest on the very land affected by the landslide.