ഇടുക്കി ഉപ്പുതോട് തങ്കമണി വില്ലേജുകളില്‍ പാറഖനനം നിര്‍ത്തണമെന്ന ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിന് പുല്ലുവില. ജില്ലാ ജിയോളജിസ്റ്റ് കലക്ടര്‍ക്ക് ഒക്ടോബറില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസിന്റെ മരുമകൻ സജിത്ത് കടയാടിമറ്റത്തിൽ അനധികൃത ഖനനം നടത്തിയെന്ന് ജില്ലാ ജിയോളജിസ്റ്റ് നേരത്തെ കണ്ടെത്തിയിരുന്നു.
അതിനിടെ അനധികൃത പാറഖനനത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.സബ് കളക്ടർമാർ നേതൃത്വം നൽകും. എസ്എച്ച്ഓ, തഹസിൽദാർ , വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ജിയോളജിസ്റ്റ് എന്നിവരും സംഘത്തിലുണ്ട്. ഖനനം നടന്ന ഉടുമ്പൻചോലയിലും, ബാലഗ്രാമിലും പരിശോധന നടത്തി. ഇടുക്കി, ഉടുമ്പൻചോല താലുക്കുകളിൽ കുളം, റോഡ് നിർമ്മാണത്തിന്റെ പേരിൽ ഖനനം നടന്ന പ്രദേശങ്ങളിൽ അന്വേഷണസംഘം പരിശോധന നടത്തും.