കൊച്ചി കാക്കനാട് സെൻട്രൽ കസ്റ്റംസ് അഡീഷ്ണൽ കമിഷണറേയും കുടുംബത്തേയും മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥൻ മനീഷ് വിജയിയെയും അമ്മയെയും സഹോദരിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മയുടെ മരണമറിഞ്ഞ് മക്കള്‍ ആത്മഹത്യ ചെയ്തതാണോയെന്ന സംശയത്തിലാണ് പൊലീസ്.
കാക്കനാട് ടിവി സെന്ററിലെ കസ്റ്റംസ് ക്വാട്ടേഴ്സിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സെൻട്രൽ കസ്റ്റംസ് ആൻഡ് എക്സൈസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി അവധിയിലായിരുന്ന മനീഷ് തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടാതെ വന്നതോടെ താമസസ്ഥലത്തേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിച്ചു.
കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മനീഷ് വിജയ് യുടെ മൃതദേഹം. തൊട്ടടുത്ത മുറിയിൽ സഹോദരിയെ തൂങ്ങിയ നിലയിലും അമ്മയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി. വെള്ള പുതപ്പിച്ച അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയിരുന്നു. തൊട്ടടുത്തായി കുടുംബ ഫോട്ടോയും. മനീഷിന്റെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹോദരി ശാലിനി 2023ലെ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു. ജാർഖണ്ഡിൽ ഡെപ്യൂട്ടി കലക്ടറായി നിയമിക്കപ്പെട്ട ഇവരുടെ പേരിൽ ചില കേസുകൾ നിലനിന്നിരുന്നതായാണ് സൂചന. മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കമുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.