Image: Instagram, Asha Achy Joseph

Image: Instagram, Asha Achy Joseph

  • നിശബ്ദയായിരിക്കില്ലെന്ന് സധൈര്യം ആശ
  • കുഞ്ഞുമുഹമ്മദിന്റെ മുഖംമൂടി വലിച്ചുകീറുന്ന എഴുത്ത്
  • തുറന്നെഴുത്ത് മലയാള മനോരമയില്‍

ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെയാണ്. എന്നാല്‍ ഈ പേരുകളൊന്നും വിളിച്ച് തന്നെ നിശബ്ദയാക്കേണ്ടെന്ന് സധൈര്യം തുറന്നുപറയുകയാണ് ആശ ആച്ചി ജോസഫ്. നിർമാതാവും സംവിധായകനും ഗുരുവായൂർ മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദാണ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പറഞ്ഞ് മുഖവും പേരും വെളിപ്പെടുത്തി രംഗത്തുവരികയാണ് ആശ. മലയാള മനോരമയിലാണ് ആശയുടെ തുറന്നെഴുത്ത്. 

തന്‍റെ ഐഡന്‍റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പറഞ്ഞാണ് ആശ ദുരനുഭവം വിവരിക്കുന്നത്. നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സർക്കാർ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങൾ അവകാശപ്പെടുന്ന സാംസ്കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണു താന്‍ അപമാനിക്കപ്പെട്ടതെന്ന് ആശ പറയുന്നു.

അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമോ ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യമോ അല്ലെന്നും സ്വന്തം പദവിയും അധികാരവും അതിന്‍റെ നേട്ടങ്ങളും എന്താണെന്നറിയുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവൃത്തിയാണെന്നും ആശ വ്യക്തമാക്കുന്നു. തന്നെക്കുറിച്ച് പറയാന്‍ 'ഇര', 'അതിജീവിത' എന്നീ പദങ്ങൾ ഉപയോഗിക്കുമ്പോൾ വ്യക്തി എന്ന അടിസ്ഥാന അവകാശം പോലും മായ്ച്ചുകളയാൻ സമൂഹം ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു. സംരക്ഷണത്തിന്‍റെയോ സുരക്ഷയുടെയോ പേരിൽ സ്ത്രീ നിശബ്ദയാകാന്‍ പാടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത് എന്നും ആശ വിവരിക്കുന്നു. 

നിശ്ശബ്ദത ഒരിക്കലും പുരുഷാധിപത്യത്തെ തകർത്തിട്ടില്ല

പങ്കാളിയോടും മകളോടും സഹോദരങ്ങളോടുമൊക്കെ സംഭവം പങ്കുവയ്ക്കാൻ തനിക്കു സമയം വേണ്ടിവന്നെന്നും കേട്ടപ്പോള്‍ പരാതി കൊടുക്കുന്നില്ലേ എന്നായിരുന്നു മകളുടെ ആദ്യ ചോദ്യമെന്നും ആശ പറയുന്നു. എല്ലാം പരാതിയിൽ ഒതുങ്ങുമോ എന്ന ചോദ്യം ഭയപ്പെടുത്തി. നിരാശയ്ക്കിടയിലും ഉത്തരവാദിത്തബോധത്തോടെ നവംബർ 24ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ എല്ലാ കാര്യങ്ങളും വിവരിച്ചിരുന്നുവെന്നും ആശ പറയുന്നു. 

നാലു ദിവസത്തിനകം രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ഉടന്‍ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് അറിയിച്ചു. ഇതിനിടെ ഫോണിലൂടെ ദുഃഖവും ഐക്യ ദാർഢ്യവും അറിയിച്ച അക്കാദമി ഭാരവാഹികൾ പ്രതിയെ അകറ്റി നിര്‍ത്തുമെന്നും വാഗ്ദാനം ചെയ്തു. ‘പ്രതി ഐഎഫ്എഫ്കെയിൽ ഉണ്ടാവില്ല, വിവര പുസ്തകത്തിൽ പേര് ഉൾപ്പെടുത്തില്ല, ചലച്ചിത്ര മേഖലയിലെ ലൈംഗികാതിക്രമത്തിനെതിരെ സീറോ ടോളറൻസ്' പ്രഖ്യാപിക്കും എന്നിവയായിരുന്നു വാഗ്ദാനങ്ങൾ.

‘വിചിത്രമെന്നു പറയട്ടെ, ഡിസംബര്‍ എട്ടിന് ചാനലുകളിൽ ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നില്ല. അതിനിടയിൽ തദ്ദേശ തിരഞ്ഞെടുപ്പും ഐഎഫ്എഫ്കെയും നടന്നു. എന്‍റെ ശബ്ദം ഉയരാതിരിക്കാനാണോ നീക്കങ്ങൾ വേഗത്തിലായതെന്നു ചോദിക്കാതെവയ്യ. സംഭവത്തിനുശേഷം ചിലർ നിശ്ശബ്ദതയെ സുരക്ഷയായി നിർവചിക്കാൻ  ഉപദേശിച്ചു, ‘നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കുക, കാര്യങ്ങൾ സങ്കീർണമാക്കരുത്, സംരക്ഷണം ലഭിക്കും’– ഇതായിരുന്നു ഉപദേശം. പക്ഷേ അവരാവശ്യപ്പെട്ട നിശബ്ദത തന്‍റെ അന്തസ്സിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമായാണ് തോന്നിയതെന്നും  ആശ എഴുതുന്നു. 

എന്റെ അന്തസിനു മേലുള്ള രണ്ടാമത്തെ അതിക്രമം

തന്നെപ്പോലൊരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിൽ എന്തൊക്കെ അതിക്രമങ്ങളാകും നടക്കുന്നത്? എന്തുകൊണ്ടാണ് നീതി ഇന്നും ഇത്ര ദൂരെയായിരിക്കുന്നത്? പാർവതി തിരുവോത്തിനെയും റിമ കല്ലിങ്കലിനെയും പത്മപ്രിയയെയും, അത്ര പ്രശസ്തരല്ലാത്ത മാധ്യമപ്രവർത്തകരെയും മാറ്റിനിർത്താനും പാഠം പഠിപ്പിക്കാനും നിരന്തരമായ ചങ്കൂറ്റം ആണധികാരത്തിന് എവിടെനിന്നു കിട്ടുന്നു? – ആശ ചോദിക്കുന്നു.

അതിക്രമം വിവാദം ആകുന്നു, പരാതി ഒത്തുതീര്‍പ്പ് ആവുന്നു, ‘അതിജീവിത’ഉണ്ടാകുന്നു, ഇത്തരം മായ്ച്ചുകളയലിനൊന്നും ഞാന്‍ തയാറല്ല, ഇങ്ങനെ അതിക്രമം ഏറ്റുവാങ്ങുന്നവര്‍ നിശബ്ദത പാലിക്കാന്‍ കടപ്പെട്ടവരല്ല, തെളിവുകൾ സമർപ്പിക്കേണ്ടത് തന്‍റെ ജോലിയല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കാനും, ഉണ്ടായാൽ നിയമപ്രകാരം പരിഹരിക്കാനുമുള്ള ബാധ്യത അധികാരികളുടേതാണെന്നും ഒരു സ്ത്രീ പരസ്യമായി സംസാരിക്കുന്നത് രഹസ്യവാതിലുകൾ എല്ലാം അടഞ്ഞതിനു ശേഷമാണെന്നു മനസ്സിലാക്കണമെന്നും ആശ പറയുന്നു. 

ചരിത്രത്തിൽനിന്ന് മായ്ക്കപ്പെടാൻ തയാറല്ല. നിശ്ശബ്ദത ഒരിക്കലും പുരുഷാധിപത്യത്തെ തകർത്തിട്ടില്ലെന്നും ധൈര്യവും ധാർമികവ്യക്തതയും മാത്രമാണ് മാറ്റങ്ങൾ സൃഷ്ടിച്ചതെന്നും ആശ കൂട്ടിച്ചേര്‍ക്കുന്നു. ‘എന്റെ ശബ്ദം നാളെ മറ്റൊരു സ്ത്രീക്കു സംസാരിക്കാനുള്ള ഭയം കുറച്ചുകൂടി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇത് പറയുന്നത്. സുരക്ഷ വാഗ്ദാനം ചെയ്യുന്നവർ അതിന്‍റെ ഉത്തരവാദിത്തമേൽക്കണം എന്ന ആവശ്യം ഉയർത്താൻ കൂടിയാണ് ഈ തുറന്നെഴുത്തെന്ന് പറഞ്ഞാണ് ആശ ലേഖനം അവസാനിപ്പിക്കുന്നത്.

Not a Victim, I am Asha": Asha Achy Joseph’s Brave Disclosure Against PT Kunju Muhammed:

Asha Achy Joseph has publicly named former MLA and filmmaker P.T. Kunju Muhammed as her harasser, rejecting labels like "victim" or "survivor" to assert her identity as an individual. She revealed that the incident occurred while she was on official duty at the Kerala State Chalachitra Academy, a state-run cultural institution. Despite her formal complaint to the Chief Minister and assurances from Academy officials, Asha highlights a troubling delay in legal action and the pressure she faced to remain silent for her own "safety." By speaking out, she aims to challenge the patriarchal structures within the film industry and ensure that her voice paves the way for other women to seek justice without fear.