കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയിലായ എറണാകുളം ആര്‍ടിഒയ്ക്കതിരെ ബസുടമകള്‍ രംഗത്ത്. പതിനായിരം മുതല്‍ കാല്‍ലക്ഷം വരെ കൈക്കൂലി വാങ്ങി മരണപ്പെട്ടവരുടെ പേരിലടക്കം ആര്‍ടിഒ പെര്‍മിറ്റ് നല്‍കിയെന്ന് ആരോപണം. ആര്‍ടിഓഫിസ് കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ ഏജന്‍റ് കൂട്ടുക്കെട്ടില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്നും ബസുടമകള്‍.
ഏജന്‍റുമാരുടെ ഒത്താശയോടെ മോട്ടോര്‍വാഹന വകുപ്പില്‍ നടക്കുന്നത് വ്യാപക അഴിമതിയും കൈക്കൂലികൊള്ളയെന്നുമാണ് ആരോപണം. എറണാകുളം ആര്‍ടിഒ ടി.എം. ജെര്‍സനെതിരെ മന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായി്ല്ലെന്ന് ഇടത് അനുകൂല സംഘടനയായ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍. തൊട്ടതിനും പിടിച്ചതിനും കൈക്കൂലിയെന്ന നിലപാടായിരുന്നു ആര്‍ടിഒയ്ക്കെന്ന് ബസുടമകള്‍.
ആര്‍ടിഒ ഓഫിസ് കേന്ദ്രീകരിച്ച് പെര്‍മിറ്റ് മാഫിയ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഏജന്‍റുമാരെ നിയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാപക പണംപിരിവ്. ബസിന്‍റെ സമയ്ക്രമത്തിലടക്കം കൈക്കൂലി വാങ്ങി ഡീലിങ് നടക്കുന്നുണ്ടെന്നും ബസുടമകളുടെ സംഘടന.
ഫോര്‍ട്ട്കൊച്ചി ചെല്ലാനം റൂട്ടിലോടുന്ന സ്വകാര്യ ബസിന്‍റെ പെര്‍മിറ്റ് പുതുക്കാന്‍ കൈക്കൂലിവാങ്ങിയതിനാണ് ആര്‍ടിഒ ടി.എം. ജെര്‍സനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. രണ്ട് ഏജന്‍റുമാരോടൊപ്പം പിടിയിലായ ആര്‍ടിഒ നിലവില്‍ റിമാന്‍ഡിലാണ്.