കോഴിക്കോട് കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്ത അലീന ബെന്നിക്ക് സ്കൂൾ മാനേജ്മെന്റില്‍ നിന്ന് ഒരു പരിഗണനയും കിട്ടിയില്ലെന്ന് പിതാവ് ബെന്നി മനോരമ ന്യൂസിനോട്. ശമ്പളം ലഭിക്കാത്തതോടെ  മറ്റൊരു പോസ്റ്റ് ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് നൽകിയില്ലെന്നും പിതാവ് പറഞ്ഞു.  നിയമന നടപടികളിൽ വിദ്യാഭ്യാസ വകുപ്പിന്  വീഴ്ചയില്ലെന്നാണ്  താമരശേരി എ.ഇ.ഒ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. അലീനയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി  അലീനയുടെ മൃതദേഹം വീട്ടുലെത്തിച്ചപ്പോഴുണ്ടായ രംഗം കണ്ടു നിൽക്കാനാവാത്തതായിരുന്നു. നസ്രത് എൽ പി സ്കൂളിൽനിന്നും അനധികൃത മായി അവധിയിൽ പോയ അധ്യാപികയെ നീക്കിയ ഒഴിവിലേക്കാണ് മാനേജ്മെന്റ് അലീനയെ നിയമിച്ചത്. എന്നാൽ ഈ  അധ്യാപികയെ സർവീസിൽ നിന്നും നീക്കം ചെയ്ത ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാത്തതിനാൽ നിയമനം നടന്നില്ല. ഇതിനു ശേഷം സെന്റ് ജോസഫ് സ്കൂളിൽ അലീനയെ നിയമിച്ച ഉത്തരവ് അംഗീകരിക്കാനുള്ള അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തിനാൽ കഴിഞ്ഞ നവംബറിൽ മടക്കിയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് താമരശേരി എ ഇ ഒ സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്

ENGLISH SUMMARY:

Reports state that the Education Department had not approved the appointment of teacher Aleena Benny, who died by suicide in Kattippara, Kozhikode.