കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ട വ്യവസായസംരംഭങ്ങള്‍ക്ക് തദ്ദേശസ്ഥാപനത്തിന്റെ ലൈസന്‍സ് വേണമെന്ന ചട്ടം മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. ലൈസന്‍സിന് പകരം റജിസ്ര്ടേഷന്‍ മതിയെന്ന ശുപാര്‍ശ ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനും പുതിയകാല ബിസിനസിനെ സഹായിക്കാനുമാണ് നടപടിയെന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍ ചട്ടത്തിലെ മാറ്റം എലപ്പുള്ളിയിലെ ബ്രൂവറിക്ക് ബാധകമോയെന്ന ചോദ്യത്തിന് മന്ത്രി ഉത്തരം പറഞ്ഞില്ല.
വ്യവസായ മേഖലയിലെ കാറ്റഗറി 1ല്‍ പെടുന്ന സ്ഥാപനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പഞ്ചായത്തുകളുടെ കൈയില്‍ ഉണ്ടായാല്‍ മതി. ലൈസന്‍സിന്റെ ആവശ്യമില്ല. വ്യവസായ മേഖലയില്‍ അല്ലാത്ത കാറ്റഗറി 1 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പഞ്ചായത്തിന്റെ അനുമതി തേടണം. അനുമതി പഞ്ചായത്ത് നിഷേധിക്കാന്‍ പാടില്ല. നിബന്ധനകള്‍ നിര്‍ദേശിച്ച് അനുമതി നല്‍കണമെന്നും മന്ത്രി പറഞ്ഞു. നിങ്ങള്‍ ബ്രൂവറിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. ഞാന്‍ അങ്ങനെയല്ല. നമ്മുടെ മുന്നില്‍ അതല്ല വിഷയം. എലപ്പുളളിയുമായി ഇതിനു ബന്ധമില്ല. അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് അതിനു ബാധ്യതയുമില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ബ്രൂവറിക്കെതിരായ പഞ്ചായത്തിന്റെ എതിര്‍പ്പ് മറികടക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എലപ്പുള്ളി പഞ്ചായത്ത് ആരോപിച്ചു. എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റിന് കെട്ടിടവും റോഡും നിര്‍മിക്കുന്നതിനും സ്ഥലം നികത്തുന്നതിനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. അതു മറികടക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.