ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞ് ക്ഷേമപെന്‍ഷന്‍ പോലും കൊടുക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യം വാരിക്കോരി കൊടുക്കുന്നത് തുടരുന്നു. പി.എസ്.സി അംഗങ്ങളുടെ ശമ്പളം മൂന്നേമുക്കാല്‍ ലക്ഷമാക്കി കൂട്ടിയതിന് പിന്നാലെ കെ.വി.തോമസിന്‍റെ വാര്‍ഷിക യാത്രാബത്ത ഇരട്ടിയിലേറെ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വകുപ്പ് ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളവും കൂട്ടി. അതേസമയം  കൂലി തേടി സംസ്ഥാനത്തെ മുഴുവന്‍ ആശവര്‍ക്കര്‍മാരും സെക്രട്ടേറിയറ്റ് പടിക്കല്‍ മഹസംഗമം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല.

ഖജനാവിലെ ദാരിദ്ര്യ കണക്ക് പറഞ്ഞാണ് ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ നയാ പൈസാ കൂട്ടാതിരുന്നത്. 62 ലക്ഷം സാധാരണക്കാര്‍ മരുന്നിനും ആഹാരത്തിനും ആശ്രയിക്കുന്ന പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. സ്കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കുന്നവര്‍ തുടങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ആനുകൂല്യം ചോദിക്കുമ്പോള്‍ കൈമലര്‍ത്തിക്കാട്ടുന്നതാണ് ധനമന്ത്രിയുടെ പതിവ് രീതി. പക്ഷെ അതെല്ലാം വോട്ട് ചെയ്ത് തുടര്‍ഭരണംകൊടുത്ത സാധാരണക്കാരുടെ കാര്യം. ഇഷ്ടക്കാര്‍ക്ക് പ്രത്യേക കരുതലാണ്. ഒറ്റയടിക്ക് ഒരു ലക്ഷത്തിന് അറുപതിനായിരം രൂപയുടെ ശമ്പള വര്‍ധനയുണ്ടായ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കുമാണ് ഇന്നലെ ആ ഭാഗ്യം ലഭിച്ചതെങ്കില്‍, ഡെല്‍ഹിയിലെ പ്രത്യേക പദവിയുണ്ടാക്കി മുഖ്യമന്ത്രി നിയമിച്ചിരിക്കുന്ന കെ.വി.തോമസിനോടാണ് ഇന്നത്തെ സ്നേഹം. അദേഹത്തിന് യാത്ര ചെയ്യാന്‍ വേണ്ടി മാത്രം വര്‍ഷം പതിനൊന്ന് ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ കൊടുക്കും. 5 ലക്ഷത്തില്‍ നിന്നുള്ള വന്‍ വര്‍ധനക്ക് ശുപാര്‍ശ കൊടുത്തത് മുഖ്യമന്ത്രിയുടെ പൊതുഭരണവകുപ്പ് തന്നെ. ഒരു ലക്ഷം രൂപ ശമ്പളത്തിന് പുറമേയാണ് യാത്രാചെലവ്. സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കുന്ന ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്കും മുപ്പതിനായിരത്തോളം രൂപ ശമ്പളം കൂട്ടി.

ലക്ഷങ്ങളൊന്നുമല്ല, രാപ്പകലില്ലാതെ ഒരു മാസം അധ്വാനിച്ചാല്‍ കിട്ടുന്ന ഏഴായിരം രൂപയൊന്ന് കൂട്ടിത്തരണമെന്ന് അഭ്യര്‍ഥിച്ചാണ് ആശവര്‍ക്കര്‍മാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ 11-ാം ദിവസം കിടക്കുന്നത്.  സംസ്ഥാനത്തെമ്പാടുമുള്ള അയ്യായിരത്തോളം ആശമാര്‍ ഇതേ അപേക്ഷയുമായി ഇന്ന് ഒത്തുചേര്‍ന്നിട്ടും ഇവര്‍ക്ക് കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ല.  സര്‍ക്കാരിന് മുന്നില്‍ ആനുകൂല്യത്തിനായി കേഴുന്ന സാധാരണക്കാരുടെ പ്രതീകമാണ് ആശാ പ്രവര്‍ത്തകര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ആശാ പ്രവര്‍ത്തകര്‍ ഇവരാണെന്ന് പറഞ്ഞ് ഈ സ്ത്രീകളെ അവഗണിക്കുന്ന അതേ മന്ത്രിമാരാണ് ഓരോദിവസവും ഇഷ്ടക്കാര്‍ക്ക് ലക്ഷങ്ങള്‍ വര്‍ധിപ്പിക്കുന്നത്. സര്‍ക്കാരിന്‍റെ പരിഗണന ആരോട് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ENGLISH SUMMARY:

Claiming an empty treasury the government hesitates to provide even welfare pensions while continuing to grant massive benefits to its favorites