ആശാവര്‍ക്കര്‍മാര്‍ സമരം തുടരുന്നതിനിടെ ആശ്വാസനീക്കവുമായി സര്‍ക്കാര്‍. ആശാവര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഉപാധിരഹിത ഓണറേറിയം. ഇതിനൊപ്പം ശൈലി ആപ്പിലെ ഒ.ടി.പി സംവിധാനം നിര്‍ത്തലാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സമരസമിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ധനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സമരം പത്താം ദിവസത്തിലേക്ക് കടന്നോടെ പ്രതിഷേധം കടുപ്പിക്കുകയാണ് സമരക്കാര്‍.
ആരോഗ്യ മന്ത്രിക്ക് ശമ്പളം കിട്ടുന്ന ദിവസം തന്നെ ആശാ പ്രവർത്തകയ്ക്കും ശമ്പളം കിട്ടണമെന്നാണ് സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുടെ ആവശ്യം. രണ്ടു മാസത്തെ ശമ്പള കുടിശിക പ്രഖ്യാപിച്ച് ആനുകൂല്യങ്ങൾ നല്കിയതായി സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ നേരത്തെ ഏറ്റെടുക്കാത്തതിൽ കുറ്റബോധമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രതികരണം.
കുടിശിക ശമ്പളം നല്കുമെന്ന് പ്രഖ്യാപിച്ച ശേഷം ആനുകൂല്യങ്ങൾ കൂട്ടിയതായി സർക്കാർ വീമ്പിളക്കുന്നുവെന്നാണ് ആശാ പ്രവർത്തകരുടെ ആക്ഷേപം. നാളെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ പ്രവർത്തകരെ സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിച്ച് മഹാ സംഗമം നടത്തുമെന്നാണ് സമര സമിതിയുടെ മുന്നറിയിപ്പ്. അതേസമയം ശമ്പള കുടിശിക മാത്രം നല്കി ആശാ പ്രവർത്തകരെ കൊയൊഴിഞ്ഞ മട്ടിലാണ് സർക്കാർ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആശ വര്‍ക്കമാരുടെ ഓണറേറിയമായ 7000 രൂപ കൂടുതലെന്നാണ് സർക്കാർ നിലപാട്.