അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയുടെ ചികിൽസ ദൗത്യം നാളെ നടത്തുമെന്ന് വാഴച്ചാൽ ഡി.എഫ്.ഒ. ആർ.ലക്ഷ്മി മനോരമ ന്യൂസിനോട് പറഞ്ഞു. നാളെ അതിരാവിലെ ആനയെ മയക്കുവെടി വയ്ക്കും.
മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കും. കൂടിന്‍റെ നിർമാണം കഴിഞ്ഞു. കോടനാട് നിന്ന് കൂട് അതിരപ്പിള്ളിയിൽ എത്തിക്കും. നാളെ നേരം പുലർന്ന ഉടൻ ആനയെ മയക്കുവെടി വയ്ക്കും. ആനയ്ക്കു ക്ഷീണമുണ്ട്. മയക്കുവെടി വയ്ക്കുന്നതിൽ റിസ്ക്കുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നിരുന്നാലും ആനയെ കൂട്ടിലാക്കാനാണ് തീരുമാനം. മുറിവേറ്റ ആന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
പ്ലാന്‍റേറേഷൻ കോർപറേഷന്‍റെ വെറ്റിലപ്പാറ ചെക്പോസ്റ്റിൽ ഇന്നും നാളെയും നിയന്ത്രണം തുടരും 100 ഉദ്യോഗസ്ഥരെ ദൗത്യത്തിന് നിയോഗിക്കും. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ആനയെ വരുതിയിലാക്കാൻ മൂന്ന് കുങ്കിയാനകളെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്.