വികസന വിവാദത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷത്തിന്റെ തീരുമാനം. വികസന കാര്യത്തില്‍ സഹകരിക്കുമെന്നും സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങളെയാണ് എതിര്‍ക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
വികസനനേട്ടം സംബന്ധിച്ച അവകാശവാദത്തില്‍ കൊണ്ടുംകൊടുത്തും മുന്നേറുകയാണ് ഭരണ–പ്രതിപക്ഷങ്ങള്‍. ശശി തരൂര്‍ പുകഴ്ത്തിയത് സര്‍ക്കാരും സിപിഎമ്മും ആയുധമാക്കുമ്പോള്‍ കണക്കുകള്‍ നിരത്തിയാണ് പ്രതിപക്ഷത്തിന്റെ മറുപടി. കേരളവിരുദ്ധനെന്നുവരെ പ്രതിപക്ഷനേതാവിനെ മന്ത്രി പി.രാജീവ് ആക്ഷേപിച്ചിട്ടും വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷനേതാവ് വി.ഡി.സതീശന് വേദി പങ്കിടും. സമാപനച്ചടങ്ങില്‍ മുന്‍ വ്യവസായമന്ത്രികൂടിയായ പി.കെ.കുഞ്ഞാലിക്കുട്ടിയും. വികസനവിരുദ്ധരെന്ന എല്‍ഡിഎഫ് പ്രചാരണത്തിന്റെ മുനയൊടിക്കലാണ് പ്രതിപക്ഷത്തിന്റെ ഉന്നം. ഇന്‍വെസ്റ്റ് കേരളയോട് സഹകരിക്കുമ്പോഴും സര്‍ക്കാരിന്റെ പൊള്ളയായ അവകാശ വാദങ്ങളെ തുറന്നുകാണിക്കുന്ന നിലപാട് തുടരുമെന്നും പ്രതിപക്ഷം.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ ഇന്‍വെസ്റ്റ് കേരള സമ്മിറ്റിനും പിന്നാലെ തിരഞ്ഞെടുപ്പുകള്‍ക്കും ഇന്ധനമാക്കാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കം.