കൊച്ചിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. വല്ലാർപാടത്തു നിന്നാണ് കുട്ടിയ കണ്ടെത്തിയത്. വടുതല സ്വദേശിയായ പന്ത്രണ്ടു വയസുകാരിയെ സ്കൂൾവിട്ട് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുമ്പോൾ വൈകിട്ടാണ് പച്ചാളത്തു വച്ചാണ് കാണാതായത്. അമ്മയുടെ ഫോണുമായി കുട്ടി സ്കൂളിൽ എത്തിയതിനെ തുടർന്ന് സ്കൂൾ അധികൃതർ ഇതേക്കുറിച്ച് ചോദിക്കുകയും ഫോൺ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തിൽ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു.
കുട്ടി സ്കൂളിലേക്ക് പോയത് തന്റെ ഫോണുമായെന്ന് അമ്മ പറഞ്ഞു. ഫോണ്‍ സ്കൂള്‍ അധികൃതര്‍ പിടിച്ചെടുത്തതാണ് മാറിനില്ക്കാന് കാരണം അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി പൊലീസിന്റെ വ്യാപക പരിശോധനയുടെ വിജയമെന്ന് എ.സി.പി മനോരമ ന്യൂസിനോട് പറഞ്ഞു.
കുട്ടിയെ കണ്ട് സംശയം തോന്നിയാണ് വാഹനം നിര്‍ത്തിയതെന്ന് ദൃക്സാക്ഷി ജോര്‍ജ് ജോയ്. മനോരമ ന്യൂസിലെ ദൃശ്യങ്ങള്‍ കണ്ടാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്ന് ജോര്‍ജ്. കുട്ടി സൈക്കിളില്‍ വരുകയായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചെന്നും ജോര്‍ജ് പറഞ്ഞു..
കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും ഒപ്പംകൂട്ടിയായിരുന്നു പൊലീസിന്റെ തിരച്ചിൽ.