• 'SFI യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി മുള കൊണ്ട് തലയില്‍ അടിച്ചു; ബെല്‍റ്റ് കൊണ്ടും അടിച്ചു'
  • 'വെള്ളം ചോദിച്ചപ്പോള്‍ തന്നില്ല; പിന്നീട് തുപ്പിയ വെള്ളം കുടിപ്പിച്ചു'
  • 'പുറത്ത് പറഞ്ഞാല്‍ ഇനിയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി'

എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്ങിന് ഇരായ വിദ്യാര്‍ഥി മനോരമ ന്യൂസിനോട്. എസ്എഫ്ഐ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി മുള കൊണ്ട് തലയില്‍ അടിച്ചു. ബെല്‍റ്റ് കൊണ്ടും അടിച്ചു. പുറത്ത് പറഞ്ഞാല്‍ ഇനിയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി പറഞ്ഞു. ഒരുമണിക്കൂര്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് വിദ്യാര്‍ഥിയുടെ പിതാവും പറഞ്ഞു.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ വേലു പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് ഒന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥി ബിന്‍സ് ജോസ് പറഞ്ഞു. കോളജിലെ ആന്‍റി റാഗിങ് സമിതി നടത്തിയ അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഈമാസം 11ന് കാര്യവട്ടം ഗവ. കോളജില്‍ സീനിയര്‍ – ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ വേലു പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവര്‍ ബലം പ്രയോഗിച്ച് എസ്.എഫ്.ഐ യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് ഒന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥി ബിന്‍സ് ജോസിന്‍റെ പരാതി.

വിദ്യാര്‍ഥിയുടെ പരാതിയില്‍ കോളജിലെ റാഗിങ് വിരുദ്ധ സമിതി അന്വേഷണം നടത്തി. റാഗിങ് നടന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍.  ഇക്കാര്യം പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് കേസുകള്‍ നേരത്തെ പൊലീസെടുത്തിരുന്നു. ഇതില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ റാഗിങ്  വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.  

ENGLISH SUMMARY:

First year student assaulted by seniors at Kariavattom Govt College; police register case