വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ റാഗിങ് ക്രൂരതയ്ക്ക് ഇരയായ ജെ.എസ്.സിദ്ധാർഥൻ മരിച്ചിട്ട് ഇന്ന് ഒരാണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൃത്യത്തിന് ഇരയായ സിദ്ധാർഥൻ മർദനം സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നു. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് സിദ്ധാർഥന്‍റെ കുടുംബം ഇന്നും കോടതി കയറി ഇറങ്ങുകയാണ്.

സിദ്ധാർഥൻ മരിച്ച് ഒരു വർഷമായിട്ടും,കേസ് സിബിഐ ഏറ്റെടുത്തിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഫെബ്രുവരി 15ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരികെ ക്യാംപസിലേക്ക് വിളിച്ചു വരുത്തിയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. 16ന് രാവിലെ ക്യാംപസിൽ എത്തിയതു മുതൽ സിദ്ധാർഥൻ തുടർച്ചയായി മർദനമേൽക്കുകയായിരുന്നുവെന്ന് ആന്‍റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. എസ്എഫ്ഐ പ്രവർത്തകരായ 17 പ്രതികളെ സംരക്ഷിക്കാൻ ലോക്കൽ പൊലീസ് ആദ്യഘട്ടത്തിൽ പരമാവധി ശ്രമിച്ചു . പരാതിയും പ്രതിഷേധവും ഉയർന്നതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.

ക്യാംപസിന്‍റെയും ഹോസ്റ്റലിന്‍റെയും പല ഭാഗത്തും കൊണ്ടുപോയി മർദിച്ചു, അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിദ്ധാർഥനെ മറ്റു വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ ചെയ്തു.  തൊട്ടു പിന്നാലെയാണ് പീഡനം സഹിക്കാൻ ആകാതെ സിദ്ധാർത്ഥൻ ജീവനൊടുക്കിയത്. ഹോസ്റ്റലിനുള്ളിൽ മൃഗീയമായ പീഡനത്തിന് സിദ്ധാർഥൻ ഇരയായെന്ന് തെളിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു വാർഡനും ഡീനുമെല്ലാം. ഒടുവിൽ ഗവർണർ ഇടപെട്ടതോടെ വി.സി ഉൾപ്പെടെയുള്ളവരുടെ കസേര തെറിച്ചു. വിദ്യാർഥികളെ ക്യാംപസിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് പഠനം നിഷേധിക്കുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം തകിടം മറിക്കുന്ന കാഴ്ചയാണു പിന്നീട് ഉണ്ടാകുന്നത്. ക്രൂരമായി പീഡിപ്പിച്ച് സഹപാഠിയെ മരണത്തിലേക്ക് തള്ളിവിട്ടവർക്ക് പഠനം തുടരാനുള്ള സാഹചര്യമൊരുക്കാനാണ്  നിലവിലെ ശ്രമം. സിദ്ധാർഥന്‍റെ മാതാപിതാക്കൾ മരണം വരെ പോരാടാൻ ഇറങ്ങിത്തിരിച്ചതുകൊണ്ടുമാത്രമാണ് ഇപ്പോഴും പ്രതികൾക്ക് പഠനം തുടരാൻ സാധിക്കാതെ വന്നത്.  കേസിന്‍റെ തുടക്കം മുതൽ പ്രതികൾക്കൊപ്പമാണ് പൊലീസ് നിന്നത്. 

എസ്ഫ്ഐയും ഇടതു സംഘടനകളും മാത്രം പ്രവർത്തിക്കുന്ന ക്യാംപസിൽ, പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാൻ ജില്ലയിലെ നേതാക്കൻമാർ ഉൾപ്പെടെ ഇടപെട്ടുവെന്ന് പിന്നീട് വ്യക്തമായി. എന്നാൽ ഒരുവർഷത്തിനുശേഷം ക്യാംപസിന്‍റെ അവസ്ഥ മാറി. റാഗിങ്ങിനെതിരെ നിലപാട് കടിപ്പിച്ചു. സിദ്ധാർഥന്‍റെ കുടുംബത്തിനൊപ്പമുണ്ടെന്ന് പറയുകയും പ്രതികൾക്ക് വേണ്ട സഹായം ചെയ്തു നൽകുകയും ചെയ്യുന്ന നിലപാട് സർക്കാർ തുടരുകയാണ്.

ENGLISH SUMMARY:

Today marks one year since the death of J.S. Siddharthan, who was a victim of the brutal ragging incident at Pookode Veterinary College in Wayanad. Siddharthan, unable to endure the severe physical assault, took his own life. His tragic fate shocked the conscience of society. Even today, his family continues their legal battle, demanding justice and punishment for the culprits