പുന്നത്തൂർ കോട്ടയിലെ ആനകളുടെ പരിപാലനവും സുരക്ഷയും ഉടമ എന്ന നിലയിൽ ഗുരുവായൂർ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി.ആനകളെ തുടർച്ചയായി എഴുന്നള്ളിപ്പിന് അയച്ചിട്ടുള്ള വരുമാനം കിട്ടിയിട്ട് വേണോ ദേവസ്വത്തിനെന്ന് കോടതി ചോദിച്ചു. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഇടഞ്ഞ ആനകളുടെ പരുക്കിനെക്കുറിച്ചും, മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഇടഞ്ഞ ആനകളായ പീതാംബരന്റേയും ഗോകുലിന്റെയും യാത്ര, ഭക്ഷണ റജിസ്റ്ററുകൾ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രനും, എസ്.മുരളി കൃഷ്ണയും അടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റെ ചോദ്യങ്ങൾ. ആനകളെ കഴിഞ്ഞ ഒന്നരമാസമായി വിവിധ ജില്ലകളിലായി എഴുന്നെള്ളിപ്പിനായി കൊണ്ടുപോകുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യം റജിസ്റ്ററിൽ വ്യക്തമാണ്. ഇത് വരുമാനത്തിന് വേണ്ടിയാണോയെന്നും, ഈ വരുമാനം കിട്ടിയിട്ടു വേണോ ദേവസ്വത്തിനെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ആനകളുടെ ഭക്ഷണക്രമം റജിസ്റ്ററിൽ രേഖപ്പെടുത്താതിരുന്നതിനെ കോടതി വിമർശിച്ചു. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമ എന്ന നിലയിൽ ദേവസ്വത്തിന്റെ കടമയാണെന്നും കോടതി ഓർമിപ്പിച്ചു. വാദത്തിനിടെ ഗോകുൽ എന്ന ആനക്ക് പരുക്കേറ്റതായി ദേവസ്വം അറിയിച്ചു. തുടർന്ന് ആനകള്‍ക്ക് പരുക്കേറ്റതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജനും, ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതില്‍ ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിർദേശിച്ചു.
കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയത് എന്നും കോടതി ചോദിച്ചു. ആനകളെ സുരക്ഷിതമായി മാറ്റുന്നതിനു മുമ്പു തന്നെ കതിന പൊട്ടിയതാണ് ആന ഇടയാൻ കാരണമെന്ന് സർക്കാർ അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്രം ഭാരവാഹികള്‍ അനുമതി നേടിയിരുന്നില്ല എന്നതിനാൽ എക്‌സ്പ്ലോസീവ്‌സ് നിയമം അനുസരിച്ച് കേസെടുത്ത് അന്വേഷിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി. വിഷയം അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും