ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ ശേഷം രണ്ടര ദിവസത്തോളം പൊലീസിന് സംശയം ജനിപ്പിക്കാതെ റിജോ നടന്നു. കവര്‍ച്ചയിലെ ആസൂത്രണവും മുന്നൊരുക്കങ്ങളുമാണ് ഇതിന് സഹായിച്ചത്. എന്നാല്‍ പ്രതിയിലേക്ക് പൊലീസെത്തിയത് വളരെ നിര്‍ണായകമായ അയല്‍ക്കാരിയുടെ സംശയത്തിന്റെ പേരിലാണ്. 

ബാങ്കിന്‍റെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇതിൽ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് ചോദിച്ചപ്പോൾ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്കൂട്ടർ റിജോയ്ക്കുണ്ടെന്നും വീട്ടമ്മ പറഞ്ഞു. 

റിജോയുടെ വീടിന്‍റെ 300 മീറ്റര്‍ വരെയുള്ള സിസിടിവിയില്‍ പ്രതിയെ പിന്തുടരാന്‍ പൊലീസിനായി. എന്നാല്‍ പിന്നീടുള്ള സിസിടിവിയില്‍ പ്രതിയില്ല. ഇതോടെയാണ് പ്രദേശത്തെ എല്ലാ വീടുകളിലും പൊലീസെത്തിയത്. വീട്ടിലുള്ളവരുടെ ജോലി, സാമ്പത്തിക ബാധ്യതകളുണ്ടോ എന്നി കാര്യങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. 

വീട്ടമ്മയുടെ സംശയം അറിഞ്ഞതോടെ റിജോ ആന്‍റണിയുടെ വീട്ടിലെത്തിയ പൊലീസിന് പ്രതി ഉപയോഗിച്ചതിന് സമാനമായ ഷൂസും സ്കൂട്ടറും ലഭിച്ചു. ഇതോടെയാണ് റിജോ ആണ് കൃത്യം നടത്തിയതെന്ന് ഉറപ്പിക്കുന്നത്. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു  പ്രതിക്കുണ്ടായിരുന്നത്. എന്നാല്‍ പൊലീസെത്തിയതോടെ പ്രതി തളര്‍ന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ഞായറാഴ്ച പൊലീസ് എത്തുന്നതിന് മുന്‍പ് കുടുംബ സമ്മേളന യൂണിറ്റിന്‍റെ കുടുംബ യോഗം റിജോയുടെ വീട്ടില്‍ ചേര്‍ന്നിരുന്നു. പ്രദേശത്താകെ പൊലീസിന്‍റെ സാന്നിധ്യം കണ്ട് ചടങ്ങിനെത്തിയ വൈദികന്‍ 'നിറയെ പൊലീസാണല്ലോ നിങ്ങളുടെ യൂണിറ്റിലെ ആരെങ്കിലും ആകുമോ പ്രതി' എന്ന് ചോദിച്ചിരുന്നു. അത് അച്ചട്ടാകുന്ന കാഴ്ചയാണ് രാത്രിയോടെ കണ്ടത്. 

മദ്യപിച്ച് പൈസ കളയുന്ന ആളാണ് പ്രതി റിജോ. ഇതാണ് സാമ്പത്തിക ബാധ്യതയ്ക്കും കാരണം. കവര്‍ച്ചയ്ക്ക് ശേഷം അന്നേ ദിവസം രാത്രിയും പ്രതി കൂട്ടുകാരുമായി മദ്യപിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള പ്രതിക്ക് കോവിഡ് കാലത്താണ് ജോലി നഷ്ടമാകുന്നത്. ഭാര്യ വിദേശത്ത് നഴ്സാണ്. 

Chalakkudy bank theft case, critical suspicion raised by a neighbour eventually led police to the suspect:

After committing a robbery at the Federal Bank in Chalakudy, Rijo carried out his plan without raising any suspicion from the police for two and a half days. The planning and preparations for the robbery played a crucial role in this. However, it was the critical suspicion raised by a neighbour that eventually led the police to the suspect.