കോഴിക്കോട് ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം. ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ കേസെടുത്ത നടക്കാവ് പൊലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് അതിജീവിത മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുണ്ട് ഈ 18കാരി. പിതാവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ബില്ല് അടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തന്നെ തുടരേണ്ടി വന്നു ഇവര്‍ക്ക്. അതിനിടെയാണ് സഹായവാഗ്ദാനവുമായി വാഖിയത്ത് കോയ എത്തുന്നത്. ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ പെരുമാറിയ കോയ അധികം വൈകാതെ തനി സ്വരൂപം കാട്ടിത്തുടങ്ങി.
പരാതിയില്‍ കേസെടുത്ത പൊലിസ് ആദ്യം അനങ്ങാന്‍ മടിച്ചെങ്കിലും പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണെന്നാണ് പൊലിസിന്റെ ഇപ്പോഴത്തെ വാദം. പീഡനശ്രമത്തില്‍ ആദ്യം പകച്ചുപോയ പെണ്‍കുട്ടിക്ക് കുടുംബത്തിന്റെയും പൊതുപ്രവര്‍ത്തകരുടെയും പിന്തുണ കിട്ടിയതോടെയാണ് എല്ലാം തുറന്നുപറയാനുള്ള ധൈര്യം ലഭിച്ചത്.