വേനലെത്തും മുൻപേ ചുട്ടു പൊള്ളി പാലക്കാട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ചു ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്. ചൂട് കൂടി വിളകൾ കരിഞ്ഞു തുടങ്ങിയതോടെ കർഷകരും പ്രതിസന്ധിയിലാണ്.
കുഭമാസം പിറന്നതോടെ പച്ചപ്പ് മങ്ങി തുടങ്ങി. സാധാരണ മാർച്ച് മാസത്തിന്റെ തുടക്കത്തോടെയാണ് ചൂട് കൂടുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരിയുടെ തുടക്കം മുതലേ പാലക്കാട് ചൂട് കടുത്തു തുടങ്ങി. പുറത്തിറങ്ങാൻ കുടയും സൺസ്‌ക്രീനും നിർബന്ധം. വെള്ളം ശരിയായ അളവിൽ കുടിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. കർഷകർക്ക് പാടത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ. നട്ടുനനച്ചത് കരിഞ്ഞുണങ്ങി തുടങ്ങി.
38 ഡിഗ്രി സെൽഷ്യസ് ആണ് ഇതുവരെ മാത്രം രേഖപ്പെടുത്തിയത്. സൂര്യഘാതമേൽക്കാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നുമണിവരെയുള്ള വെയിൽ കൊള്ളാതെ സൂക്ഷിക്കാം. വെയിലത്ത് നടക്കേണ്ടി വരുമ്പോൾ കൂട, തൊപ്പി,ടൗവൽ എന്നിവ ഉപയോഗിക്കാം. ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങളാകും ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ നല്ലത്. നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം. അസഹ്യമായ ചൂടിൽ നിന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു പുറത്തിറങ്ങാം.