സില്‍വര്‍ ലൈന്‍ പകരമായുള്ള തിരുവനന്തപുരം കണ്ണൂര്‍ സെമി ഹൈ സ്പീഡ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി സംസ്ഥാനം. സംസ്ഥാനത്തിന്റെ ഡല്‍ഹിയിലുള്ള പ്രതിനിധി കെ വി തോമസ് റയില്‍വേ ഉന്നതരുമായി ആശയവിനിമയം നടത്തി. കേന്ദ്രസര്‍ക്കാരില്‍ നിന്നും പദ്ധതിക്ക് പച്ചക്കൊടി ലഭിക്കുമെന്ന് സൂചന ലഭിച്ചാല്‍ റയില്‍വേ മന്ത്രിയെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ കാണും
തിരുവനന്തപുരം കാസര്‍ഗോഡ് അതിവേഗ റയിലായ സില്‍വര്‍ ലൈന്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ഇ ശ്രീധരന് നിര്‍ദേശിച്ച സെമി ഹൈ സ്പീഡ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. തിരുവനന്തപുരം–കണ്ണൂര്‍ സെമി ഹൈ സ്പീഡ് ട്രെയിന്‍ എന്ന ഇ ശ്രീധരന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചേക്കുമന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ എന്നാല്‍ നിലവില്‍ സില്‍വര്‍ ലൈനിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറ്റൊരു റയില്‍ എന്ന് ആശയവുമായി കേന്ദ്ര റയില്‍വേ മന്ത്രാലയത്തെ സമീപിച്ചാല്‍ സില്‍വര്‍ ലൈനില്‍ നിന്നും പിന്മാറിയെന്നുള്ള പ്രതീതിയുണ്ടാവും . പുതിയ പദ്ധതിയെന്ന ആശയവും തള്ളിയാല്‍ കേരളത്തിന് ആകെ തിരിച്ചടിയാവും.
അതിനാല്‍ ഇ ശ്രീധരന്റെ ബദല്‍ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്ന സൂചന കിട്ടിയാല്‍ മാത്രമേ സംസ്ഥാനം ഔദ്യോഗികമായി ഇക്കാര്യത്തില്‍ നീക്കം നടത്തൂ. തിരുവനന്തപുരം –കണ്ണൂര്‍ സെമി ഹൈ സ്പീഡ് റയിലിന്റെ ആശയങ്ങള്‍ കെ വി തോമസ് വഴി സംസ്ഥാന സര്‍ക്കാര്‍ റയില്‍വേ മന്ത്രാലയത്തിന് മുന്പില് എത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശയവിനിമയത്തിന് പച്ച സിഗ്നല്‍ കിട്ടിയാല്‍ റയില്‍വേ മന്ത്രിയെ കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം . ഇ ശ്രീധരന്റെ ആശയത്തില്‍ റയില്‍വേ മന്ത്രി കൂടി അനൂകൂല സമീപനം സ്വീകരിച്ചാലെ സംസ്ഥാനം ഇക്കാര്യത്തില്‍ ഔദ്യോഗികമായി നീക്കം നടത്തൂ.