സംസ്ഥാന വ്യവസായ വകുപ്പിനെ പ്രശംസിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി: ശശി തരൂര്‍. വ്യവസായ വകുപ്പിനെ പ്രശംസിച്ചതില്‍ ഉറച്ച് നില്‍ക്കുന്നു. നല്ലത് നല്ലതെന്ന് പറയണം. നല്ലത് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കുന്നത് തന്റെ രീതിയാണ്. ഭാവി മുന്നില്‍കണ്ട് രാഷ്ട്രീയത്തിന് അതീതമായി ചിലത് നമുക്ക് കാണാന്‍ പറ്റണം. ലേഖനത്തിന്റെ അവസാനം പറഞ്ഞത് ഭരണം മാറുമ്പോള്‍ കൊടിപിടിക്കരുതെന്നാണ്. വ്യവസായം തുടങ്ങാന്‍ രണ്ട് മിനിറ്റെന്ന് പറയുന്നത് അതിശയോക്തിയെന്ന് തനിക്കും തോന്നി. ഭരണത്തിലെത്താന്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം.
Read Also: കേരളത്തെ പുകഴ്ത്തിയ തരൂരിന് നന്ദിപറഞ്ഞ് പി.രാജീവ്; നിലപാട് തള്ളി സതീശന്‍; വെട്ടിലായി കോണ്‍ഗ്രസ്
രാഷ്ട്രീയത്തിന് അതീതമായി വികസനത്തെ എല്ലാ പാര്‍ട്ടികളും കാണണം. അവരുടെ തെറ്റുകളും തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണാന്‍ ട്രംപ് തയാറായത് രാജ്യത്തിനുള്ള അംഗീകാരമാണ്. വിദേശകാര്യത്തപ്പറ്റി ചിന്തിക്കുമ്പോള്‍ രാജ്യം മാത്രമാകണം മനസ്സില്‍. യു.എസ്സിന്റെ നാടുകടത്തലിനെതിരെ താനും പറഞ്ഞിരുന്നുവെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
തരൂരിനെ തള്ളി കോണ്‍ഗ്രസ്.
പാര്‍ട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ തള്ളി കോണ്‍ഗ്രസ്. വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളർച്ച അതിശയിപ്പിക്കുന്നതാണെന്നാണ് ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ തരൂരിന്റെ വാഴ്ത്ത്. തരൂരിനെ തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ലേഖനം പാർട്ടി പരിശോധിക്കുമെന്ന് വ്യക്തമാക്കി.
സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം വേറിട്ട മാതൃകയാണ്. രണ്ടുമിനിറ്റ് കൊണ്ട് ഒരു സംരംഭം തുടങ്ങാൻ കഴിയുമെന്ന മന്ത്രി പി രാജീവിന്റെ വാക്കുകൾ ശരിയാണെങ്കിൽ ആശ്ചര്യകരമായ മാറ്റമാണ്. അനുമതികൾ വേഗത്തിൽ നൽകുന്നു എന്നത് യാഥാർത്ഥ്യം. ശശിതരൂരിന്റെ ലേഖനത്തിലെ പുകഴ്ത്തലുകൾ ഇങ്ങനെ നീളുന്നു. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം കടുപ്പിച്ചിരിക്കെ തരൂരിൽ നിന്ന് ലഭിച്ച പ്രശംസ വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ നന്ദി അറിയിച്ച് ആയുധമാക്കി. സൈബർ സഖാക്കളും വിഷയം കത്തിച്ചു. മോദിയുടെ അമേരിക്കൻ സന്ദർശനത്തെയും തരൂർ പുകഴ്ത്തിയിരുന്നു. ഇതോടെ , പാർട്ടിയെ വെട്ടിലാക്കിയ തരൂരിനെ പൂർണമായി തള്ളി സംസ്ഥാന നേതൃത്വം രംഗത്തെത്തി.
തരൂർ വിശ്വപൗരൻ ആണെന്ന് ഓർമിപ്പിച്ച് പരിഹാസച്ചുവയുള്ള മറുപടിയുമായി മുരളീധരനും രംഗത്തെത്തി.